കേരളസഭ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിതം: കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

 കേരളസഭ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിതം: കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കേരളസഭാ നവീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള വിമല ഹൃദയ പ്രതിഷ്ഠ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൊല്ലികൊടുക്കുന്നു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയൂസ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. തോമസ് തറയില്‍ എന്നിവര്‍ സമീപം

കൊച്ചി: പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത സിനഡാത്മക സഭ യാഥാര്‍ത്ഥ്യമാകാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയെന്നാല്‍ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടേയും സജീവമായ ഒത്തുചേരലാണ്. ഒരുതരത്തിലുമുള്ള വേര്‍തിരുവുകള്‍ ഈ കൂട്ടായ്മയില്‍ ഉണ്ടാകുന്നില്ല. ആരും മുന്നിലുമല്ല പിന്നിലുമല്ല ഒരുമിച്ചാണ് നടക്കുന്നത്. നമ്മെ നയിക്കുന്നതാകട്ടെ യേശുക്രിസ്തുവുമെന്ന് മാര്‍ ആലഞ്ചേരി വ്യക്തമാക്കി.


എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരോടൊപ്പം നടന്ന് അവരെ ദൈവിക രഹസ്യങ്ങളിലേക്ക് ആഴത്തിലിറങ്ങാന്‍ സഹായിച്ചതു പോലെ തന്നെയാണ് ഈ കാലഘട്ടത്തില്‍ നമ്മോടൊപ്പം നടക്കുന്ന ഈശോയും നമ്മെ പ്രേരിപ്പിക്കുന്നത്. അതിനാല്‍ സര്‍വതല സ്പര്‍ശിയായ മാനസാന്തരത്തിലൂടെ വ്യക്തികളുടെ ജീവിതത്തില്‍ നവീകരണം സാധ്യമാകുന്നതുവഴി സഭയിലാകമാനം പുതുചൈതന്യം നിറയ്ക്കാന്‍ നമുക്കു കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പരിശുദ്ധ കന്യകാമറിയം ഈശോയെ ലോകത്തിനു നല്‍കുക മാത്രമല്ല അവിടത്തോടൊപ്പം രക്ഷാകര യാത്രയില്‍ പങ്കാളിയാക്കിക്കൊണ്ട് ക്രിസ്തുവിന്റെ സഹനത്തെ തന്റേതുകൂടിയായി പരിണമിപ്പിക്കുകയാണ് ചെയ്തത്. മാതാവിന്റെ വിമലഹൃദയത്തിന് കേരളസഭയെ പ്രതിഷ്ഠിക്കുമ്പോള്‍ കേരളസഭയ്ക്ക് അമ്മയുടെ സംരക്ഷണം ലഭിക്കുന്നു എന്ന് മാത്രമല്ല അമ്മയെപ്പോലെ ക്രിസ്തു രഹസ്യത്തിന്റെ ഭാഗഭാക്കുകളായി തീരുന്നതിനും നമുക്കു കഴിയുമെന്നും മാര്‍ ആലഞ്ചേരിഓര്‍മ്മിപ്പിച്ചു.

ഈ നവീകരണകാലം നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധ കന്യകാമറിയത്തോടൊപ്പമുള്ള ക്രിസ്ത്വാനുകരണമായി ഭവിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കേരളസഭാ നവീകരണാചരണത്തിന്റെ ഭാഗമായുള്ള വിമല ഹൃദയ പ്രതിഷ്ഠ നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം പിഒസിയില്‍ ഇന്നലെയാണ് വിമല ഹൃദയ പ്രതിഷ്ഠ നടന്നത്.

കോഴിക്കോട്, കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ദീപ ശിഖകളും എത്തിയിരുന്നു. കേരള സഭാനവീകരണം ചെയര്‍മാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയൂസ് ദീപശിഖ ക്യാപ്റ്റന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ഐറേനിയോസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26