ബിഷപ് അലക്സ് താരാമംഗലം അഭിഷിക്തനായി

ബിഷപ് അലക്സ് താരാമംഗലം അഭിഷിക്തനായി

മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി ബിഷപ് അലക്സ് താരാമംഗലം അഭിഷിക്തനായി. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ രാവിലെ 9 മണിയോടെ ആരംഭിച്ച മെത്രാഭിഷേക ചടങ്ങില്‍ തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയില്‍ നിന്ന് മോണ്‍സിഞ്ഞോര്‍ അലക്സ് താരാമാംഗലം മെത്രാന്‍പട്ടം സ്വീകരിച്ചു.

മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, തമിഴ്നാട് – ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്ന മെത്രാഭിഷേകശുശ്രൂഷയില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ആര്‍ച്ചു‍ഡീക്കനായിരുന്നു. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വചനസന്ദേശം നല്‍കി.


കത്തോലിക്കാപൗരോഹിത്യം തന്റെതന്നെ ആത്മരക്ഷക്കു മാത്രമുള്ളതല്ലെന്നും പൊതുസമൂഹത്തിന്റെ മുഴുവന്‍ ആത്മീയശുശ്രൂഷക്കുവേണ്ടിയുള്ള ദൈവികദൗത്യമാണെന്നും വചനസന്ദേശത്തില്‍ കാതോലിക്കാബാവ ഓര്‍മ്മിപ്പിച്ചു. മാനന്തവാടി രൂപത ചാന്‍സലര്‍ റവ. ഫാ. അനൂപ് കാളിയാനിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ. ജോസ് മാത്യു പുഞ്ചയില്‍ എന്നിവര്‍ സീറോ മലബാർ മേജര്‍ ആര്‍ച്ചുബിഷപ്പ് അലക്സ് പിതാവിന് നല്കിയ നിയമനപത്രം വായിച്ചു.

മെത്രാഭിഷേകത്തെ തുടര്‍ന്നുള്ള അനുമോദന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ കാര്യാലയം വൈസ് ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് കാർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിച്ചു. കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വൈദിക പ്രതിനിധി റവ. ഫാ. ജോസഫ് മുതിരക്കാലായില്‍, സന്യസ്തരുടെ പ്രതിനിധി റവ. ഫാ. ലിന്‍സണ്‍ ചെങ്ങിനിയത്ത് CST, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ശ്രീമതി ലിസി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.


വയനാട് എംപി ശ്രീ രാഹുല്‍ ഗാന്ധിയുടെ അനുമോദനസന്ദേശം വേദിയില്‍ വായിച്ചു. തുടര്‍ന്ന് ബിഷപ് മാര്‍ അലക്സ് താരാമംഗലം നടത്തിയ മറുപടി പ്രസംഗത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

മെത്രാഭിഷേക തിരുകര്‍മ്മങ്ങളിലും അനുമോദനസമ്മേളനത്തിലും കേരളത്തിലും കേരളത്തിന് വെളിയിലുമുള്ള വിവിധ രൂപതകളിലെ മെത്രാന്മാരും, മാനന്തവാടി-തലശേരി രൂപതകളിലെ വൈദികരും, ബ്രദേഴ്സും, സിസ്റ്റേഴ്സും, അല്മായരും, എം. എൽ.എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ധിഖ്, വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐഎഎസ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, മറ്റ് ജനപ്രതിനിധികള്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ധാരാളം ആളുകള്‍ എന്നിവര്‍ പങ്കെടുത്തു. അനുമോദന സമ്മേളനത്തിന് റവ. ഫാ. തോമസ് മണക്കുന്നേല്‍ നന്ദി പ്രകാശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26