കൃഷിഭൂമിയിലെ ബഫര്‍സോണ്‍ കണക്കെടുപ്പ് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും : അഡ്വ. വി.സി. സെബാസ്റ്റ്യൻ

കൃഷിഭൂമിയിലെ ബഫര്‍സോണ്‍ കണക്കെടുപ്പ് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും :  അഡ്വ. വി.സി. സെബാസ്റ്റ്യൻ

കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന കോടതിവിധിയുടെ മറവില്‍ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് ബഫര്‍സോണ്‍ വ്യാപിപ്പിച്ച് ഒരു കിലോമീറ്റര്‍ കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും സര്‍ക്കാര്‍ സമിതിയുടെ കണക്കെടുപ്പിനായി വിട്ടുകൊടുക്കുന്നതും ഭൂവുടമകള്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിട്ടു നല്‍കുന്നതും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന നിലപാടില്‍നിന്ന് കര്‍ഷകര്‍ ഒരിക്കലും പിന്മാറാതെ ഉറച്ചുനില്‍ക്കണം. തലമുറകളായി കൈവശംവച്ചനുഭവിക്കുന്നതും രേഖകളുള്ളതുമായ കൃഷിഭൂമി ബഫര്‍സോണില്‍പെടുത്തി കണക്കെടുക്കുകയെന്നുവെച്ചാല്‍ പ്രസ്തുത പ്രദേശങ്ങള്‍ ബഫര്‍സോണായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം. ഇനി ഈ ഒരു കിലോമീറ്റര്‍ സ്ഥലത്തിന്റെ അതിര്‍ത്തി നിശ്ചയിച്ച് വനഭൂമിയാക്കി കാര്‍ബണ്‍ ഫണ്ട് കൈക്കലാക്കുക എന്ന വനംവകുപ്പ് ദൗത്യമാണ് പുത്തന്‍ വിദഗ്ദ്ധസമിതി നടപ്പിലാക്കുന്നതെന്ന് സംശയിക്കപ്പെടുന്നു.

സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതിയെ മലയോരജനതയ്ക്ക് അംഗീകരിക്കാനാവില്ല. സമിതിയംഗങ്ങള്‍ പലരും മുന്‍കാലങ്ങളില്‍ കര്‍ഷകവിരുദ്ധ വനവല്‍ക്കരണ നിലപാടുകളെടുത്തവരാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കര്‍ഷകഭൂമി കൈയ്യേറി വനവല്‍ക്കരണത്തിനായി രാജ്യാന്തര ഏജന്‍സികളില്‍ പദ്ധതി സമര്‍പ്പിച്ചവരുള്‍ക്കൊള്ളുന്ന ഈ സമിതിയില്‍ നിന്ന് ബഫര്‍സോണ്‍ വിഷയത്തില്‍ മലയോരജനതയ്ക്ക് നീതി ലഭിക്കുമെന്ന് ജനങ്ങള്‍ കരുതുന്നത് വിഢിത്തമാണ്. സ്വന്തം ഭൂമിയിലെ കണക്കെടുപ്പ് അനുവദിച്ചാല്‍ ഭൂമിയും കിടപ്പാടവും കാലക്രമേണ കര്‍ഷകര്‍ക്ക് നഷ്ടപ്പെടുമെന്നും ഇന്ത്യയിലെ വിവിധ പ്രഖ്യാപിത ബഫര്‍സോണ്‍ പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ച് മലയോരജനത അന്വേഷിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.