മോഡി മുന്‍ മന്ത്രിസഭാംഗവും എംപിയുമായിരുന്ന പ്രഭാത് സിന്‍ ചൗഹാന്‍ കോണ്‍ഗ്രസില്‍; ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി

മോഡി മുന്‍ മന്ത്രിസഭാംഗവും എംപിയുമായിരുന്ന പ്രഭാത് സിന്‍ ചൗഹാന്‍ കോണ്‍ഗ്രസില്‍; ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി

അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ ഗുജറാത്തില്‍ ഭരണ കക്ഷിയായ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ പ്രഭാത് സിന്‍ ചൗഹാനെ പാര്‍ട്ടിയില്‍ എത്തിച്ചു കൊണ്ടാണ് കോണ്‍ഗ്രസിന്റെ ഓപ്പറേഷന്‍.

ഗുജറാത്തിലെ ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കാളെ ബിജെപി റാഞ്ചിയതിന് മറുപടിയെന്നോണമാണ് മുന്‍ മന്ത്രിയും മുന്‍ എംപിയുമായ നേതാവിനെ തന്നെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. നരേന്ദ്ര മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുക്കുമ്പോള്‍ മന്ത്രിസഭാംഗവും പിന്നീട് പഞ്ച്മഹല്‍ ലോക്സഭാ സീറ്റില്‍ നിന്നുള്ള എംപിയുമായിരുന്നു പ്രഭാത് സിന്‍ ചൗഹാന്‍.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ മരുമകള്‍ സുമന്‍ ചൗഹാനെ കലോള്‍ മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി മത്സരിപ്പിച്ചപ്പോള്‍ മുതല്‍ ചൗഹാന്‍ ബിജെപി നേതൃത്വവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. ഈ മണ്ഡലത്തില്‍ തന്റെ ഭാര്യക്കായിരുന്നു ടിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചൗഹാന് ബിജെപി ടിക്കറ്റ് നിഷേധിക്കുകയും ചെയ്തു.

മുതിര്‍ന്ന നേതാക്കളായ സച്ചിന്‍ പൈലറ്റ്, അമിത് ചാവ്ഡ, നരണ്‍ രത്വ, ജഗദീഷ് താക്കൂര്‍, സുഖ്റാം രത്വ, സിദ്ധാര്‍ത്ഥ് പട്ടേല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ ചൗഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ കലോലില്‍ നിന്നോ ഗോധ്ര നിയമസഭാ മണ്ഡലത്തില്‍ നിന്നോ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയുടെ അടുപ്പക്കാരനെന്നറിയപ്പെടുന്ന ചൗഹാന്‍, 1980 ല്‍ കലോലില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1991 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 1998 ലും 2002 ലും കലോലില്‍ നിന്നുള്ള ബിജെപി എം എല്‍ എയായ അദ്ദേഹം നരേന്ദ്ര മോഡി മന്ത്രിസഭയില്‍ അംഗമായിരുന്നു. 2009 ലും 2014 ലും പഞ്ച്മഹലില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ എംപിയായി മത്സരിച്ച് വിജയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.