ലോസ് ഏഞ്ചല്‍സ്: പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചത് റദ്ദാക്കാനുള്ള ആല്‍ബനീസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഒരു ഇസ്രയേല്‍ അനുകൂല സംഘം പ്രചാരണം ആരംഭിച്ചു. 'സ്റ്റാന്‍ഡ് വിത്ത് അസ്'(ഞങ്ങളോടൊപ്പം നില്‍ക്കൂ) എന്ന ഈ സംഘം ഇപ്പോള്‍ ഓസ്‌ട്രേലയയില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ പദ്ധതിയിടുന്നുണ്ട്.
'സ്റ്റാന്‍ഡ് വിത്ത് അസ്' വാരാന്ത്യത്തില്‍ ഓസ്‌ട്രേലിയന്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ''റോം നിലവില്‍ വരും മുമ്പും ചിചെന്‍ ഇറ്റ്‌സ നിലവില്‍ വരും മുമ്പും ജൂതന്മാരുടെ തലസ്ഥാനമായിരുന്നു ജറുസലേം. ഓസ്‌ട്രേലിയയിലെ ഏക നിവാസികള്‍ തദ്ദേശീയര്‍ മാത്രമായിരുന്നു'' എന്നായിരുന്നു പരസ്യം.
വായനക്കാരെ ഒരു വെബ് ഫോമിലേക്കും പരസ്യം നയിക്കുന്നുണ്ടായിരുന്നു. അതുവഴി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനും വിദേശ കാര്യ മന്ത്രി പെന്നി വോങ്ങിനും ഇമെയില്‍ സമര്‍പ്പിക്കാനും അവസരമുണ്ട്. ''പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അംഗീകരിച്ചത് മാറ്റാനുള്ള നീതീകരിക്കപ്പെടാത്തതും മോശവുമായ തീരുമാനം'' പുനര്‍ പരിശോധിക്കണമെന്നാണ് അവരോട് ആവശ്യപ്പെടുന്നത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച സര്‍ക്കാരിന്റെ പ്രതിബദ്ധത നിലനിര്‍ത്താനും ഫോം പറയുന്നു.
എത്ര പേര്‍ ഫോം ഉപയോഗിച്ച് ഇതുവരെ കത്ത് നല്‍കിയെന്ന് 'സ്റ്റാന്‍ഡ് വിത്ത് അസ്' വെളിപ്പെടുത്തിയിട്ടില്ല. ജറുസലേമിനോടും പ്രത്യേകിച്ച് ഇസ്രയേലിനോടും യഹൂദന്മാര്‍ക്കുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് ആളുകളെ ഓര്‍മിക്കുന്നതിനുള്ള വിദ്യാഭ്യാസ തന്തമെന്ന നിലയിലാണ് പരസ്യം നല്‍കിയതെന്ന് പ്രസ്ഥാനം പറയുന്നു.
സംഘം ഓസ്‌ട്രേലിയയില്‍ ഒരു ദശകത്തോളമായി പരിപാടികള്‍ നടത്തി വരുന്നുണ്ടെന്നും ഓസ്‌ട്രേലിയയില്‍ ഔദ്യോഗികകമായി ഒരു ഓഫീസ് തുറക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ടെന്നും ദക്ഷിണാഫ്രിക്കയിലും നെതര്‍ലണ്ട്‌സിലും ഈയിടെ പുതിയ ഓഫീസുകള്‍ ആരംഭിച്ചെന്നും 'സ്റ്റാന്‍ഡ് വിത്ത് അസ്' സഹ-സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ റോസ് റോത്ത്‌സ്റ്റീന്‍ പറഞ്ഞു.
സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളിലെ വിവിധ ഗ്രൂപ്പുകളുമായി വിനിമയത്തിന് 'സ്റ്റാന്‍ഡ് വിത്ത് അസി'ന്റെ ഒരു അധ്യാപകന്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നുണ്ടെന്നും അദേഹം പറഞ്ഞു.
'സ്റ്റാന്‍ഡ് വിത്ത് അസ്' സ്ഥാപിതമായത് 2001ലാണ്. ഇസ്രയേലിനു വേണ്ടി നില കൊണ്ട് യഹൂദ വിരുദ്ധതക്കെതിരെ പോരാടുകയാണ് പ്രധാന ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ നയങ്ങളെ പിന്തുണക്കാന്‍ ഇസ്രയേല്‍ അനുകൂലികളോട് ആവശ്യപ്പെട്ടത് റോത്ത്‌സ്റ്റീനെ മുന്‍കാലങ്ങളില്‍ വിവാദത്തിലാക്കിയിട്ടുണ്ട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് ഇസ്രയേലിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ബഹുമാനിക്കലാണെന്നാണ് അവര്‍ 2011ല്‍ പറഞ്ഞത്.
പടിഞ്ഞാറന്‍ ജറുസലേമിനുള്ള ഓസ്‌ട്രേലിയയുടെ അംഗീകാരം പുനഃസ്ഥാപിക്കാനാണോ അതോ മുഴുവന്‍ ജറുസലേമിനെയും ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനാണോ പുതിയ പ്രചാരണം ശ്രമിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പടിഞ്ഞാറന്‍ ഭാഗത്തെ മാത്രമായി അംഗീകരിക്കുന്നത് അര്‍ത്ഥ ശൂന്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് റോത്ത്‌സ്റ്റീന്‍ പറഞ്ഞത്.
''പടിഞ്ഞാറന്‍ മതിലും മറ്റ് യഹൂദ പുണ്യസ്ഥലങ്ങളും കിഴക്കന്‍ ജറുസലേമില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ യാഥാര്‍ത്ഥ്യവും നീതിയുക്തവുമായ ഏത് സമാധാന ഉടമ്പടിയും ഇസ്രായേല്‍ പരമാധികാരത്തിന് കീഴിലായിരിക്കും. ഉടമ്പടികള്‍ ചര്‍ച്ച ചെയ്യേണ്ടത് ഇസ്രയേലുകാരും പാലസ്തീന്‍കാരും തമ്മിലാണെങ്കിലും ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണ്, അത് തുടരുമെന്ന യാഥാര്‍ത്ഥ്യം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിരിച്ചറിയണം'' റോത്ത്‌സ്റ്റീന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.