ന്യൂഡൽഹി: ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയള്ള സാമൂഹിക മാധ്യമസ്ഥാപനങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ മേധാവി അജിത് മോഹന്‍ രാജിവെച്ചു.
കമ്പനിക്ക് പുറത്ത് മറ്റൊരു അവസരത്തിനായി രാജിവെച്ചുവെന്നാണ് മെറ്റ അറിയിച്ചത്. മറ്റൊരു സാമൂഹിക മാധ്യമസ്ഥാപനമായ സ്‌നാപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അജിതിന്റെ രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നാലുവർഷം മുൻപാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്കും പങ്കാളികൾക്കും സേവനമനുഷ്ഠിക്കാൻ കഴിയുന്ന തരത്തിൽ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും അജിത് പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാൻഡൽസൻ പറഞ്ഞു.
2019-ലാണ് അജിത് മോഹന്‍ മെറ്റയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റടുത്തത്. അതിന് മുമ്പ് സ്റ്റാര്‍ ഇന്ത്യയുടെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഹോട്‌സ്റ്റാറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. അജിത്തിന്റെ കാലത്താണ് മെറ്റയുടെ സാമൂഹിക മാധ്യമങ്ങളായ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 കോടി പിന്നിട്ടത്.
മെറ്റയുടെ പാര്‍ട്ണര്‍ഷിപ്പ് വിഭാഗം തലവനും ഡയറക്ടറുമായ മനീഷ് ചോപ്ര ഇടക്കാല മാനേജിങ് ഡയറക്ടറാവും. കൊച്ചി ഏലൂരിലാണ് അജിത് മോഹന്റെ ജനനം.
കൊച്ചിയിലെ ഉദ്യോഗമണ്ഡല്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അജിത്തിന്റെ പഠനമെല്ലാം വിദേശത്തായിരുന്നു. ആദ്യം സിംഗപ്പൂരിലെ നംയാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദപഠനം. പിന്നീട് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്‌സിലും ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും ബിരുദാനന്തരബിരുദം. തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍നിന്ന് ഫിനാന്‍സില്‍ എംബിഎ ബിരുദമെടുത്തു.
ആര്‍തര്‍ ഡി.ലിറ്റില്‍, മക്കന്‍സി എന്നിവിടങ്ങളില്‍ കണ്‍സല്‍ട്ടന്‍സി സ്ഥാനങ്ങള്‍ വഹിച്ച ശേഷം 2012ലാണ് അജിത് സ്റ്റാര്‍ ടിവി നെറ്റ്‌വര്‍ക്കിലെത്തുന്നത്. സ്റ്റാര്‍ ടിവിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു. ശേഷം 2015 നവംബറില്‍ സ്റ്റാര്‍ ഇന്ത്യയുടെതന്നെ ഹോട്ട്‌സ്റ്റാര്‍ ഡിജിറ്റല്‍ ആന്‍ഡ് മൊബൈല്‍ എന്റര്‍ടൈന്‍മെന്റ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിന്റെ പ്രസിഡന്റായി.
2016 ഏപ്രിലിൽ ഹോട്ട്‌സ്റ്റാറിന്റെ സിഇഒ സ്ഥാനം വഹിച്ചു. 2017 ഒക്ടോബറില്‍ ഉമങ് ബേദി സ്ഥാനമൊഴിഞ്ഞതു പിന്നാലെയാണ് ഫെയ്സ്ബുക് ഇന്ത്യയുടെയുംപിന്നീട് മെറ്റായുടെയും തലപ്പത്തേക്ക് അജിത് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.