പ്രതി നിക്കോളാസ് ക്രൂസിനെ കോടതിമുറിയിലേക്കു കൊണ്ടുവരുന്നു
ടലഹാസി: അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂള്‍ വെടിവയ്പ്പ് കേസിലെ പ്രതി നിക്കോളാസ് ക്രൂസിന് പരോളില്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ. 2018 ഫെബ്രുവരി 14നാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. സ്റ്റോണ്‍മാന്‍ ഹൈസ്‌ക്കൂളില്‍ അതിക്രമിച്ചു കയറി 17 പേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പരോളില്ലാതെ ഇയാള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. ജഡ്ജി എലിസബത്ത് ഷെറര്‍ ആണ് ശിക്ഷ വിധിച്ചത്. 
ഫ്‌ളോറിഡ സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു പാര്‍ക്ക്ലാന്‍ഡ് വെടിവയ്പ്പ്. 14 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ഇയാളുടെ തോക്കിനിരയായത്. വിധി പറയുമ്പോള്‍ പ്രതി യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. 
റൈഫിളുമായി സ്‌കൂളില്‍ കയറി ഏകദേശം അരമണിക്കൂര്‍ ആക്രമണം നടത്തുകയായിരുന്നു. വെടിയേറ്റു നിലത്തു വീണവര്‍ കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കുന്നതിന് തിരിച്ചു വന്നു വീണ്ടും വെടി വയ്ക്കുകയും ചെയ്തിരുന്നു.
ബാല്യ കാലത്തു പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പ്രതിയുടെ മാനസികാവസ്ഥ വിധി പറയുമ്പോള്‍ കണക്കിലെടുക്കണമെന്ന അറ്റോര്‍ണിയുടെ വാദം കോടതി സ്വീകരിച്ചില്ല. ഇത്ര വലിയ ക്രൂരത കാണിച്ച പ്രതിക്ക് വധശിക്ഷ വിധിക്കാത്തതില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ രോഷം പ്രകടിപ്പിച്ചു.
ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡേഴ്സും ചെറു പ്രായത്തിലെ മദ്യപാനവുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ സ്‌കൂളിലെ വെടിവയ്പിനേക്കുറിച്ച് നേരത്തെ തന്നെ നിക്കോളാസിന് താല്‍പര്യമുണ്ടായിരുന്നതായും പ്രതി തയ്യാറെടുത്തിരുന്നതായി കോടതിയില്‍ പ്രോസിക്യൂഷന്‍ ബോധിപ്പിക്കുകയായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.