ബീജിംഗ്: നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് വന്ന ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30നാണ് തെക്ക് - മധ്യ പസഫിക് സമുദ്രത്തില്‍ പതിച്ചതെന്ന് യു.എസ് സ്‌പേസ് കമാന്‍ഡ് വ്യക്തമാക്കി.
രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപണ ശേഷം നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിക്കുന്നത്. ചൈനയുടെ തുടര്‍ച്ചയായ വീഴ്ച അശ്രദ്ധവും അപകടകരവുമായ നടപടിയാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. 108 അടി നീളവും 23 ടണ്‍ ഭാരവുമുള്ള റോക്കറ്റ് ബൂസ്റ്റര്‍ അവശിഷ്ടമാണ് ഇത്തവണ പസഫിക് സമുദ്രത്തില്‍ പതിച്ചത്.
അവശിഷ്ടത്തിന്റെ നല്ലൊരുഭാഗവും അന്തരീക്ഷത്തില്‍ വെച്ചുതന്നെ കത്തിയമര്‍ന്നു. ഒക്ടോബര്‍ 31ന് ബഹിരാകാശത്ത് നിര്‍മാണത്തിലിരിക്കുന്ന ചൈനയുടെ ' ടിയാംങ്ഗോങ്' ബഹിരാകാശ നിലയത്തിലേക്ക് ഘടകങ്ങള്‍ എത്തിക്കാനായി വിക്ഷേപിച്ചതായിരുന്നു ഈ റോക്കറ്റ്. അതേ സമയം റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചതിനോട് ചൈന കൂടുതല്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജൂലൈയില്‍ ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചിരുന്നു. ടിയാംങ്ഗോങ് ബഹിരാകാശ നിലയത്തിലേക്ക് ലബോറട്ടറി മൊഡ്യൂള്‍ എത്തിക്കാന്‍ ജൂലൈ 24ന് വിക്ഷേപിച്ച റോക്കറ്റായിരുന്നു ഇത്. റോക്കറ്റിന്റെ സഞ്ചാരപാതയുടെ വിവരങ്ങള്‍ നല്‍കുന്നതില്‍ ചൈന വീഴ്ച വരുത്തിയതിന് നാസ അന്ന് വ്യക്തമാക്കിയിരുന്നു.
മെയ്യില്‍ ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടം ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു സമീപം തകര്‍ന്നു വീണിരുന്നു. 2020 മെയ്യിലും ലോംഗ് മാര്‍ച്ച് നിയന്ത്രണം നഷ്ടമായി ഭൂമിയില്‍ പതിക്കുകയുണ്ടായി. 2018ല്‍ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ പ്രോട്ടോടൈപ്പ് നിയന്ത്രണം തെറ്റി പസഫിക് സമുദ്രത്തിലും പതിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.