ലണ്ടന്‍: പുനരുപയോഗ യോഗ്യമായ ഊര്‍ജ്ജത്തിലേക്ക് മാറുന്നത് വേഗത്തിലാക്കണമെന്ന് കോപ് 27ലെ ലോക നേതാക്കളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ആവശ്യപ്പെടും.
ഈജിപ്റ്റിലേക്ക് പോകേണ്ട എന്ന തീരുമാനത്തില്‍ മാറ്റം വരുത്തികൊണ്ടായിരുന്നു സുനകിന്റെ നീക്കം. സുനക് ഇന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
തിങ്കളാഴ്ചത്തെ തന്റെ പ്രസംഗത്തില്‍, റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നുവെന്ന് സുനക് പറയും.
വ്യാവസായിക തലത്തില്‍ മുമ്പുള്ള നിലയേക്കാള്‍ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുന്നത് തടയാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ഗ്ലാസ്ഗോയില്‍ നടന്ന കോപ്26 ഉച്ചകോടിയില്‍ നടത്തിയ പ്രതിജ്ഞാബദ്ധതകളില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും പ്രധാനമന്ത്രി ഷാം എല്‍-ഷെയ്ഖില്‍ ഒത്തുകൂടുന്ന നേതാക്കളോട് പറയും. കഴിഞ്ഞ വര്‍ഷം ഗ്ലാസ്ഗോയില്‍ ലോകം ഒത്തുചേര്‍ന്നപ്പോള്‍, വിനാശകരമായ ആഗോളതാപനം തടയുന്നതിനുള്ള ചരിത്രപരമായ റോഡ്മാപ്പ് അംഗീകരിച്ചിരുന്നു. ഈ പ്രതിജ്ഞകള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതിന് പ്രാധാന്യമേറുന്നുവെന്നും ഈജിപ്റ്റിലേക്ക് പറപ്പെടുന്നതിന് മുന്നോടിയായി ഇറക്കിയ പ്രസ്താവനയില്‍ സുനക് പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നത് ധാര്‍മ്മികത മാത്രമല്ല, അത് നമ്മുടെ ഭാവി സമൃദ്ധിക്കും സുരക്ഷിതത്വത്തിനും അടിസ്ഥാനമാണ്. ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശവും ഊര്‍ജ വിലയിലെ കൃത്രിമത്വവും ഫോസില്‍ ഇന്ധനങ്ങളോടുള്ള നമ്മുടെ ആശ്രയം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുകയാണ്.
പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിലേക്ക് മാറുന്നത് കൂട്ടുകയും വേഗത്തിലാക്കുകയും വേണം, ഈ ആഗോള നീക്കത്തില്‍ ശുദ്ധ ഊര്‍ജ്ജ ശക്തിയായി യുകെ മുന്നിലുണ്ടാകുമെന്ന് ഉറപ്പു വരുത്തുമെന്നും സുനക് പറഞ്ഞു.
ഈ ആഴ്ച ആദ്യം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രധാനമന്ത്രി പിന്മാറിയിരുന്നു. അതിനു ശേഷമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.
നവംബര്‍ 17 ന് വരാനിരിക്കുന്ന ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ശരത്കാല പ്രസ്താവനയ്ക്ക് മുന്നോടിയായി പൊതു ധനകാര്യത്തില്‍ 50 ബില്യണ്‍ പൗണ്ടിന്റെ വിടവ് നികത്തുക എന്നതിനാണ് മുന്‍ഗണനയെന്ന് വാദിച്ചുകൊണ്ട് ഈജിപ്തിലേക്ക് പോകില്ലെന്ന് സുനക് ആദ്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ കാലാവസ്ഥാ പ്രചാരകരും പ്രതിപക്ഷ പാര്‍ട്ടികളും കോപ്26 പ്രസിഡന്റും സഹപ്രവര്‍ത്തകനുമായ അലോക് ശര്‍മ്മയും വിമര്‍ശിച്ചു.
1.5 ഡിഗ്രി സെല്‍ഷ്യസ് ലക്ഷ്യം കൈവരിക്കണമെങ്കില്‍ പുതിയ ഫോസില്‍ ഇന്ധന പര്യവേക്ഷണം നടത്തരുതെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി പറഞ്ഞിട്ടും വടക്കന്‍ കടലില്‍ പുതിയ എണ്ണ, വാതക ലൈസന്‍സുകള്‍ അനുവദിച്ചതിനും സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നുണ്ട്.
2030 ഓടെ വനനശീകരണവും ഭൂമി ദുരുപയോഗവും തടയാനും മാറ്റം വരുത്താനുമായി 100 രാജ്യങ്ങള്‍ ഒപ്പിട്ട പ്രതിജ്ഞയിലെ പുരോഗതി വിലയിരുത്താനുള്ള ലോക നേതാക്കളുടെ യോഗത്തില്‍ സുനക് അധ്യക്ഷനാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം കോപ്26ല്‍ പ്രസംഗിക്കുകയും പാരിസ്ഥിതിക വിഷയങ്ങളില്‍ ആവേശഭരിതമായ താല്‍പ്പര്യത്തിനും പേരുകേട്ട രാജാവ്, മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് നല്‍കിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായി ഉച്ചകോടിയില്‍ പങ്കെടുക്കില്ല.
നമ്പര്‍10ല്‍ സുനക് നേരത്തെ എത്തിയിരുന്നെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നെന്നും ഡൗണിങ് സ്ട്രീറ്റില്‍ അഭിപ്രായമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.