ട്വിറ്ററിനു പിന്നാലെ ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റയും കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു

ട്വിറ്ററിനു പിന്നാലെ ഫേസ്ബുക്കിന്റെ മാതൃകമ്പനി മെറ്റയും കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ പാത പിന്തുടര്‍ന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വലിയതോതിലുള്ള പിരിച്ചുവിടലാണ് മെറ്റ ആലോചിക്കുന്നതെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. വരുന്ന ബുധനാഴ്ച പിരിച്ചുവിടല്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ മെറ്റ വിസമ്മതിച്ചു. കഴിഞ്ഞ പാദ റിപ്പോര്‍ട്ടില്‍ തിരിച്ചടി നേരിട്ടതോടെ മെറ്റയ്ക്ക് ഓഹരി വിപണിയില്‍ നിന്നും ഏതാണ്ട് 67 ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് മെറ്റ നേരിടുന്നത്.

വരുമാനത്തില്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അതിനാല്‍ തന്നെ അടുത്ത കൊല്ലവും കമ്പനിയുടെ വിപണിമൂല്യം കുറയാനിടയുണ്ടെന്നും ഒക്ടോബറില്‍ തന്നെ കമ്പനി മുന്‍കൂട്ടിക്കണ്ടിരുന്നു. ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ് മെറ്റ പറയുന്നത്. ഒപ്പം പ്രധാന എതിരാളികളായ ടിക് ടോക്കിന്റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തി. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

അതേ സമയം മെറ്റവേര്‍സില്‍ വലിയതോതില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇതുവരെ മെറ്റയ്ക്ക് കാര്യമായ ഗുണമൊന്നും നല്‍കിയിട്ടില്ല. ഈ നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനത്തിന് പത്ത് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത്.

അനാവശ്യ പ്രൊജക്ടുകള്‍ നിര്‍ത്തിവയ്ക്കുക, ആളുകളെ എടുക്കുന്നത് താല്‍കാലികമായി നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് മെറ്റ ആലോചിക്കുന്നത്. ഇതിന് അനുബന്ധമായി തന്നെയാണ് പിരിച്ചുവിടലും എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഭാവി നിക്ഷേപം സംബന്ധിച്ച പ്രസ്താവനയില്‍ കൂട്ട പിരിച്ചുവിടല്‍ സംബന്ധിച്ച സൂചന സിഇഒമാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കിയിരുന്നു. ചില തന്ത്ര പ്രധാന മേഖലകളില്‍ ശ്രദ്ധയും നിക്ഷേപവും വേണ്ടി വരുമ്പോള്‍ വലിയ ടീമിനെ ചുരുക്കേണ്ടി വരുമെന്നും, അതിന് ചില നീക്കങ്ങള്‍ ഉണ്ടെന്നുമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്.

ആഗോള സാമ്പത്തികമാന്ദ്യം ടെക് കമ്പനികളെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, സ്നാപ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.