സിഡ്‌നി: ഓസ്ട്രേലിയയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ മെഡിബാങ്കിനു നേരേയുണ്ടായ സൈബര്‍ ആക്രമണത്തെതുടര്‍ന്ന് ഹാക്കര്‍മാര്‍ ചോര്‍ത്തിയ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് വെബ്ബിലൂടെ പുറത്തുവിട്ടതായി സ്ഥിരീകരണം. ഉപയോക്താക്കളുടെ പേര്, വിലാസം, ജന്മദിനം എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളാണ് സൈബര്‍ കുറ്റവാളികള്‍ ഡാര്‍ക്ക് വെബ് ഫോറത്തില്‍ അപ്‌ലോഡ് ചെയ്തത്. മെഡിബാങ്ക് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഹാക്കര്‍ക്കാര്‍ ചോര്‍ത്തിയ ഡാറ്റയുടെ സാമ്പിളാണ് ഡാര്‍ക്ക് വെബില്‍ കഴിഞ്ഞ ദിവസം രാത്രി അപ്‌ലോഡ് ചെയ്തതെന്ന് കമ്പനി പറഞ്ഞു. ഉപയോക്താക്കളുടെ പേരുകള്‍, വിലാസം, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസം, മെഡികെയര്‍ നമ്പറുകള്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പാസ്പോര്‍ട്ട് നമ്പറുകള്‍, മെഡിക്ലെയിം സംബന്ധമായ വിവരങ്ങള്‍ എന്നിവയാണ് ഡാര്‍ക്ക് വെബ്ബിലുള്ളത്.
മോചനദ്രവ്യം നല്‍കില്ല
ഡാറ്റ പുറത്തുവിടുന്നത് തടയാന്‍ ഹാക്കര്‍മാര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ നല്‍കില്ലെന്ന് മെഡിബാങ്ക് നേരത്തെ അറിയിച്ചിരുന്നു. മോചനദ്രവ്യം നല്‍കാനുള്ള സമയപരിധി അര്‍ദ്ധരാത്രി കഴിഞ്ഞതോടെയാണ് ഇന്ന് പുലര്‍ച്ചെ ഡാറ്റ പുറത്തുവിട്ടത്.
കുറ്റവാളികള്‍ ഡാര്‍ക്ക് വെബിലൂടെ കൂടുതല്‍ ഡാറ്റ പുറത്തുവിടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.
ഡാറ്റ ചോര്‍ച്ചയ്ക്ക് ഇരയായ മെഡിബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ നിരീക്ഷണ ശ്രമങ്ങള്‍ ശക്തമാക്കിയതായി ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (എഎഫ്പി) അറിയിച്ചു.
മെഡിബാങ്കില്‍നിന്നും, നേരത്തെ സൈബര്‍ ആക്രമണത്തിന് ഇരയായ ടെലികോം കമ്പനി ഒപ്റ്റസില്‍നിന്നും ഹാക്കര്‍മാര്‍ മോഷ്ടിച്ച ഡാറ്റ ഓണ്‍ലൈനിലൂടെ വില്‍ക്കാനോ വിതരണം ചെയ്യാനോ ശ്രമിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റും ഡാര്‍ക്ക് വെബ്ബും സമഗ്രമായി പരിശോധിക്കുന്നുണ്ടെന്ന് എഎഫ്പി സൈബര്‍ കമാന്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ജസ്റ്റിന്‍ ഗോഫ് പറഞ്ഞു.
പണമടച്ചില്ലെങ്കില്‍ നിങ്ങളുടെ ഡാറ്റ പുറത്തുവിടുമെന്ന് ആരെങ്കിലും ഓണ്‍ലൈനിലോ ഫോണിലോ എസ്.എം.എസ് വഴിയോ ഭീഷണിപ്പെടുത്തിയാല്‍ പോലീസുമായി ബന്ധപ്പെടാന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക്മെയില്‍ ചെയ്യുന്നത് കുറ്റമാണ്. മോഷ്ടിച്ച വ്യക്തിഗത വിവരങ്ങള്‍ സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
മോഷ്ടിക്കപ്പെട്ട ഡാറ്റയുടെ വില്‍പ്പനയും വിതരണവും തടയാന്‍ എല്ലാ ഏജന്‍സികളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന് ജസ്റ്റിന്‍ ഗോഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ക്രെഡിറ്റ് കാര്‍ഡിന്റെയോ ബാങ്കിംഗ് വിശദാംശങ്ങളോ ചോര്‍ത്തിയിട്ടില്ലെന്ന് മെഡിബാങ്ക് ആവര്‍ത്തിച്ച് വ്യക്തമാക്കി.
സ്വകാര്യ വിവരങ്ങള്‍ മോഷണം പോയതില്‍ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കോസ്‌കര്‍ കമ്പനിയുടെ ഉപഭോക്താക്കളോട് വീണ്ടും ക്ഷമാപണം നടത്തി. തങ്ങളുടെ ഉപഭോക്താക്കളെ ദ്രോഹിക്കാന്‍ രൂപകല്‍പ്പന ചെയ്ത ക്രിമിനല്‍ നടപടിയാണിത്. ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കമ്പനി ഗൗരവമായി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫോണ്‍ കോള്‍, എസ്.എം.എസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മെഡിബാങ്ക് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഓസ്ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ വെബ്സൈറ്റിലോ സ്‌കാംവാച്ച് വഴിയോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും കമ്പനി നിര്‍ദേശം നല്‍കി.
മെഡിബാങ്കിന്റെ നിലവിലുള്ള ഏകദേശം 9.7 ദശലക്ഷം ഉപഭോക്താക്കളെയും നേരത്തെയുണ്ടായിരുന്ന ഉപഭോക്താക്കളെയും സൈബര്‍ ആക്രമണം ബാധിച്ചിരുന്നു.
എന്താണ് ഡാര്‍ക്ക് വെബ്ബ് ?
ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബ് അനധികൃത വെബ്‌സൈറ്റുകളുടെയും നിയമവിരുദ്ധ സേവനങ്ങളുടെയും കേന്ദ്രമാണ്. ലഹരിമരുന്നു വില്‍പനയും മനുഷ്യക്കടത്തും തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളുടെയും ഓണ്‍ലൈന്‍ ശൃംഖലയില്‍ എത്തിപ്പെടുക ദുഷ്‌കരമാണ്.
ഡാര്‍ക്ക് വെബ്ബില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പൊലീസിനും സൈബര്‍ വിദഗ്ധര്‍ക്കും എന്നും വെല്ലുവിളിയാണ്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എന്‍ജിനുകളിലൂടെ തെരഞ്ഞാല്‍ കാണാത്ത ഡാര്‍ക്ക് വെബ്ബിലേക്ക് വഴിതുറക്കാന്‍ പ്രത്യേക ബ്രൗസറുണ്ട്. ഇന്റര്‍നെറ്റില്‍ മൊത്തമുള്ള ഉള്ളടക്കത്തിന്റെ 85 ശതമാനവും ഡാര്‍ക്ക് വെബ്ബിലാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.
കമ്പനികളുടെയും മറ്റും നെറ്റ്വര്‍ക്കുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നവര്‍ ഡാറ്റ ഇവിടെ വില്‍പ്പനയ്ക്ക് വയ്ക്കാറുണ്ട്. ഡാറ്റയും മറ്റ് വിവരങ്ങളും രഹസ്യമായി കൈമാറ്റം ചെയ്യാനുള്ള സംവിധാനമായാണ് ഡാര്‍ക്ക് വെബ്ബിനെ വികസിപ്പിച്ചത്. തോക്കുമുതല്‍ വാടകക്കൊലയാളിയെവരെ വാങ്ങിക്കാനാകുന്ന ഡാര്‍ക്ക് വെബ്ബില്‍ ഡിജിറ്റല്‍ കറന്‍സി വഴിയാണ് ഇടപാടുകള്‍.
ഏത് കംപ്യൂട്ടറില്‍നിന്നാണെന്നോ ആരാണ് ഇടപാടുകള്‍ക്കുപിന്നിലെന്നോ അറിയാന്‍ കഴിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26