വ്യാജരേഖ നിര്‍മിച്ച് യുവതികളെ വിദേശത്തേക്ക് കടത്താന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി ക്രൈംബ്രാഞ്ച് പിടിയില്‍

വ്യാജരേഖ നിര്‍മിച്ച് യുവതികളെ വിദേശത്തേക്ക് കടത്താന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി ക്രൈംബ്രാഞ്ച് പിടിയില്‍

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മനുഷ്യക്കടത്തിന് ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. വ്യാജ രേഖകള്‍ നിര്‍മിച്ച് യുവതികളെ നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസിലെ ഏജന്റാണ് ഇയാള്‍.

ജുണ്‍ 15 നാണ് വ്യാജ യാത്രാ രേഖകളുമായി കുവൈറ്റിലേയ്ക്ക് പോകാനെത്തിയ തമിഴ്‌നാട്, ആന്ധ്ര സ്വദേശിനികളായ ഏഴുപേരെ നെടുമ്പാശേരിയില്‍ പിടികൂടിയത്. ഫസലുള്ളയാണ് ആളുകളെ കണ്ടെത്തി യാത്രാ രേഖകള്‍ തയ്യാറാക്കി നല്‍കുന്നത്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന യുവതികളെയാണ് വിദേശത്തേയ്ക്ക് കൊണ്ടു പോകുന്നത്. വീട്ടു ജോലിക്കാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ടൂറിസ്റ്റ് വിസയാണ് ഇവര്‍ക്ക് നല്‍കിയത്. ഇവര്‍ക്ക് നല്‍കിയ റിട്ടേണ്‍ ടിക്കറ്റ് വ്യാജമായിരുന്നു.

കൂടാതെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയിരുന്നു. യുവതികളെ ഗള്‍ഫിലെത്തിച്ച് അവിടെയുള്ള ഏജന്റിന് കൈമാറുകയായിരുന്നു ഇയാള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ലക്ഷ്യം. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തിലാണ് ഫസലുള്ള താമസിക്കുന്നത്.

നിരവധി യുവതികള്‍ ഇയാളുടെ ചതിയില്‍പ്പെട്ട് വിദേശത്ത് അകപ്പെട്ടതായാണ് സൂചന. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് ഏജന്റിനെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി വി. രാജീവ്, എസ്.ഐ.മാരായ ടി.എം. സൂഫി, സന്തോഷ് ബേബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, ലിജോ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.