ഉക്രെയ്‌നില്‍ റഷ്യ നിയമിച്ച ഡെപ്യൂട്ടി ഗവര്‍ണര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു; മരിച്ചത് അധിനിവേശത്തെ പിന്തുണച്ച ഉന്നത ഉദ്യോഗസ്ഥന്‍

ഉക്രെയ്‌നില്‍ റഷ്യ നിയമിച്ച ഡെപ്യൂട്ടി ഗവര്‍ണര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു; മരിച്ചത് അധിനിവേശത്തെ പിന്തുണച്ച ഉന്നത ഉദ്യോഗസ്ഥന്‍

മോസ്‌കോ: ഉക്രെയ്‌നിലെ ഖേര്‍സണ്‍ പ്രവിശ്യയില്‍ റഷ്യ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച കിരില്‍ സ്ട്രെമൊസോവ് (45) കാറപകടത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണ വിവരം ഖേര്‍സണ്‍ ഗവര്‍ണര്‍ വ്ളാഡിമിര്‍ സാല്‍ദോയാണ് സ്ഥിരീകരിച്ചു. സെപ്റ്റംബറില്‍ റഷ്യന്‍ ഫെഡറേഷനോട് കൂട്ടിച്ചേര്‍ത്തെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ച നാല് പ്രവിശ്യകളില്‍ ഒന്നാണ് ഖേര്‍സണ്‍.

ഫെബ്രുവരിയില്‍ ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച് രണ്ട് മാസത്തിനു ശേഷമാണ് ഖേര്‍സണിലെ ഡെപ്യൂട്ടി ഗവര്‍ണറായി സ്ട്രെമൊസോവിനെ നിയമിച്ചത്. റഷ്യയുടെ അധിനിവേശ നടപടികളെ ശക്തമായി പിന്തുണച്ച പ്രമുഖരില്‍ ഒരാളായ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലെ ആക്രമണോത്സുകമായ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു. ഉക്രെയ്ന്‍ പോലീസ് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. റഷ്യയെ സംബന്ധിച്ച് കിരില്‍ സ്ട്രെമൊസോവിന്റെ അപ്രതീക്ഷിത മരണം കനത്ത തിരിച്ചടിയാണ്.

അധിനിവേശം ആരംഭിച്ച ശേഷം റഷ്യ പിടിച്ചെടുത്ത പ്രധാനപ്പെട്ട നഗരമാണ് ഖേര്‍സണ്‍. എന്നാല്‍ ഖേര്‍സണില്‍നിന്ന് പിന്മാറാന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കിരില്‍ സ്‌ട്രെമോസോവ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ബുധനാഴ്ച റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം. ഉക്രെയ്‌നിലെ റഷ്യന്‍ കമാന്‍ഡര്‍ ജനറല്‍ സെര്‍ജി സുറോവികിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നഗരത്തിലേക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണം തുടരാന്‍ കഴിയാത്തതിനാലാണ് പുതിയ നിര്‍ദേശം.

ഖേര്‍സണ്‍ നഗരത്തെ ലക്ഷ്യമാക്കി രണ്ട് ദിശകളില്‍ നിന്ന് ഉക്രെയിന്‍ മുന്നേറ്റം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഖേര്‍സണില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനങ്ങളോട് നഗരം വിട്ടൊഴിയാന്‍ റഷ്യ ആവശ്യപ്പെട്ടിരുന്നു. ഹിതപരിശോധന നടത്തി റഷ്യയോട് കൂട്ടിച്ചേര്‍ത്തുവെന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന നാല് പ്രദേശങ്ങളില്‍ ഒന്നാണ് ഖേര്‍സണ്‍. തന്ത്രപ്രധാന നഗരങ്ങളിലൊന്നായ ഖേര്‍സണില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റം വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.