ആര്‍ട്ടിലറി തോക്കുകള്‍ക്കായി ഇന്ത്യന്‍ കമ്പനിക്ക് 1200 കോടിയുടെ വിദേശ ഓര്‍ഡര്‍

ആര്‍ട്ടിലറി തോക്കുകള്‍ക്കായി ഇന്ത്യന്‍ കമ്പനിക്ക് 1200 കോടിയുടെ വിദേശ ഓര്‍ഡര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിക്ക് വിദേശരാജ്യത്ത് നിന്ന് ആര്‍ട്ടിലറി തോക്കുകള്‍ക്കായി 155 മില്ല്യണ്‍ ഡോളറിന്റെ (1200 കോടി) ഓര്‍ഡര്‍ ലഭിച്ചു. രാജ്യത്തെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്ല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിനാണ് ഓര്‍ഡര്‍ ലഭിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓര്‍ഡര്‍ ലഭിക്കുന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയുധങ്ങളുടെ കയറ്റുമതി പൂര്‍ത്തിയാക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഏത് രാജ്യത്തിന് വേണ്ടിയാണെന്നോ, ഏത് ആര്‍ട്ടിലറി സംവിധാനമാണ് കയറ്റുമതി ചെയ്യുന്നതെന്നോ ഉള്ള കാര്യം കമ്പനി പുറത്ത് വിട്ടിട്ടില്ല. ഒരു മിഡില്‍ ഈസ്റ്റ് രാജ്യത്തിന് വേണ്ടിയാണെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നേരത്തെ സൗദി അറേബ്യ കല്ല്യാണി ഗ്രൂപ്പിന്റെ ഭാഗമായ ഭാരത് ഫോര്‍ജിന്റെ 155 എംഎം ആര്‍ട്ടിലറി തോക്കായ ഭാരത് 52 ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 2020ലാണ് സൗദി സൈന്യം ഈ തോക്ക് ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. ഭാരത് ഫോര്‍ജ് നിര്‍മ്മിച്ച ആദ്യത്തെ ആര്‍ട്ടിലറി തോക്ക് എന്ന പ്രത്യേകതയും ഇതിനുണ്ട്. 41 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇതിന് 50 സെക്കന്റിനുള്ളില്‍ ആറ് റൗണ്ട് വെടിയുതിര്‍ക്കാന്‍ സാധിക്കും.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി ഗണ്‍ ഉള്‍പ്പെടെ 155 എംഎം ആര്‍ട്ടിലറി തോക്കുകളുടെ ഒന്നിലധികം വകഭേദങ്ങള്‍ കല്യാണി ഗ്രൂപ്പിനുണ്ട്.

ആര്‍ട്ടിലറി തോക്കുകള്‍ക്ക് വേണ്ടി ഭാരത് ഫോര്‍ജിന് ലഭിക്കുന്ന രണ്ടാമത്തെ ഓര്‍ഡറാണിത്. ഈ വര്‍ഷം ആദ്യം അര്‍മേനിയയില്‍ നിന്ന് പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റിനായി ഇവര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.