ന്യൂഡല്‍ഹി: പത്ത് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അനുബന്ധ രേഖകള്‍ നല്‍കി ആധാര്‍ പുതുക്കണമെന്ന് കേന്ദ്രത്തിന്റെ ചട്ട ഭേദഗതി. തിരിച്ചറിയല്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ഫോണ്‍ നമ്പര്‍ എന്നിവ അപ് ലോഡ് ചെയ്യണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. തുടര്‍ന്നും ആധാറിന്റെ കൃത്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ചട്ട ഭേദഗതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കാലാകാലങ്ങളില്‍ സെന്‍ട്രല്‍ ഐഡന്റിറ്റിസ് ഡേറ്റ റെപ്പോസിറ്ററിയിലെ ആധാറുമായി ബന്ധപ്പെട്ട രേഖകളുടെ കൃത്യത ഉറപ്പുവരുത്താനാണ് പുതിയ ഭേദഗതി എന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.
പുതുക്കുന്നതിനായി പുതിയ ഫീച്ചറും അവതരിപ്പിച്ചു. മൈ ആധാര്‍ പോര്‍ട്ടലിലോ മൈ ആധാര്‍ ആപ്പിലോ കയറി അപ്ഡേറ്റ് ഡോക്യൂമെന്റില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. എന്റോള്‍മെന്റ് സെന്ററില്‍ പോയും ഈ സേവനം തേടാവുന്നതാണ്.
തുടര്‍ന്ന് ഓരോ പത്തുവര്‍ഷത്തിനിടെ കുറഞ്ഞത് ഒരു തവണയെങ്കിലും ആധാര്‍ കാര്‍ഡില്‍ കാണിച്ചിരിക്കുന്ന രേഖകള്‍ വാലിഡേറ്റ് ചെയ്യണം. ആധാര്‍ കാര്‍ഡ് ലഭിച്ച് പത്തുവര്‍ഷം കഴിഞ്ഞവര്‍ ആധാര്‍ കാര്‍ഡ് പുതുക്കണമെന്ന് കഴിഞ്ഞ മാസമാണ് യുഐഡിഎഐ നിര്‍ദേശിച്ചത്.
ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, വ്യക്തികളുടെ തിരിച്ചറിയല്‍ മാര്‍ഗമായി ആധാര്‍ നമ്പര്‍ മാറിയിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ പദ്ധതികളിലും സേവനങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.