അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബുളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലുവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്താംബുളിലെ ചരിത്ര പ്രാധാന്യമുള്ളതും തിരക്കേറിയതുമായ നഗര പ്രദേശമായ ടാക്‌സിം സ്‌ക്വയറിലാണ് ഉഗ്ര സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് സ്ഥലത്തെത്തി ഒരു പ്ലാസ്റ്റിക് ബാഗ് ഉപേക്ഷിച്ചുപോയ സ്ത്രീയെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സ്ഫോടനം ഭീകരാക്രമണമാണെന്നാണ് നിഗമനം.
സ്‌ഫോടനത്തില്‍ മരണസംഖ്യ ആറായി. 81 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 39 പേരെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും ആശുപത്രിയിലുള്ള 42 പേരില്‍ അഞ്ച് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നുമാണ് വിവരം.
'സ്ഫോടനം നടക്കുന്നതിന് മുമ്പ് 40 മിനിറ്റോളം ഒരു സ്ത്രീ ഇവിടെ ബെഞ്ചില്‍ വന്നിരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ എഴുന്നേറ്റ് പോയി രണ്ട് മിനിറ്റിനകമാണ് സ്ഫോടനമുണ്ടായത്. ഇവര്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉപേക്ഷിച്ചാണ് മടങ്ങിയത്. ബാഗ് സ്വയം പൊട്ടിത്തെറിക്കുന്ന രീതിയിലോ ദുരെ നിന്ന് മറ്റാരെങ്കിലും നിയന്ത്രിക്കുന്ന രീതിയിലോ ആയിരിക്കാം സ്ഫോടനം അരങ്ങേറിയത്' - അധികൃതര്‍ പറഞ്ഞു. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.
കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി അംഗങ്ങളായ കുര്‍ദിഷ് വിഘടനവാദികളാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന സ്ഥലം കൂടിയാണ് ടാക്‌സിം സ്‌ക്വയര്‍. ഇവിടെയുള്ള പ്രമുഖ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തിക്ലാല്‍ തെരുവിലാണ് തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പ്രദേശം പൊലീസ് വളഞ്ഞു.
വലിയ ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായതെന്നും സ്ഥലത്ത് കറുത്ത പുക മൂടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാതടപ്പിക്കുന്ന ശബ്ദവും തീജ്വാലയും സ്‌ഫോടനത്തോടൊപ്പം ഉണ്ടാകുന്നതും ആളുകള്‍ നിലവിളിച്ച് പരക്കം പായുന്നതും വീഡിയോയില്‍ കാണാം. സ്‌ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. 2015-16 കാലത്ത് ഇസ്താംബുള്‍ നഗരത്തില്‍ പലവട്ടം സ്‌ഫോടനങ്ങളുണ്ടാവുകയും ഇസ്തിക്ലാല്‍ സ്ട്രീറ്റ് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്‌സ് ആണ് അന്നത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഐ.എസ് ആക്രമണങ്ങളില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.