മെൽബൺ: ക്രിസ്തീയ വിശ്വാസത്തെ പ്രതിസന്ധിയിലാക്കുന്ന നിരവധി നിയമനിർമ്മാണങ്ങൾകൊണ്ട് ശ്രദ്ധേയമായ ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ സംസ്ഥാനം തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നിർണായകമായ ആഹ്വാനവുമായി സംസ്ഥാനത്തെ മെത്രാന്മാർ. സാമൂഹ്യനന്മയ്ക്കുതകുന്ന പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുന്നതാകണം തെരഞ്ഞെടുപ്പെന്ന് മെത്രാന്മാർ സംസ്ഥാനത്തെ കത്തോലിക്കാ സമൂഹത്തിന് എഴുതിയ കത്തിൽ പറയുന്നു.
വിക്ടോറിയയിലെ കത്തോലിക്കർക്കായി എഴുതിയ കത്തിൽ മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ എ കോമെൻസോലി, സാൻഡ്‌ഹർസ്റ്റ് ബിഷപ്പ് ഷെയ്ൻ മക്കിൻലേ, ബല്ലാറത്ത് ബിഷപ്പ് പോൾ ബേർഡ് സിഎസ്‌എസ്ആർ, സെയിൽ ബിഷപ്പ് ഗ്രെഗ് ബെന്നറ്റ് എന്നിവർ ഒപ്പുവച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ആർക്കാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന് വോട്ടർമാർ ശ്രദ്ധാപൂർവവും പ്രാർത്ഥനാപൂർവ്വവും തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് ബിഷപ്പുമാർ വ്യക്തമാക്കി.
ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനമായ ഫ്രാറ്റെല്ലി തൂത്തിയിൽ വിവരിക്കുന്നതുപോലെ പൊതുനന്മയ്ക്കായി സമൂഹത്തെ നയിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ആലോചനയോടെ വോട്ട് രേഖപ്പെടുത്തേണ്ടത് ഈ കടമയുടെ ഭാഗമാണെന്നും മെത്രാന്മാർ വിശദീകരിച്ചു.
ഇവിടെ ഒരു കത്തോലിക്കാ രാഷ്ട്രീയ പാർട്ടിയോ ഒരു കത്തോലിക്കന് വോട്ടുചെയ്യാൻ പ്രത്യേക രീതികളോ ഇല്ല. ഓരോരുത്തരും മനസ്സാക്ഷിക്കനുസരിച്ച് അവരുടെ വോട്ടവകാശത്തെ വിനിയോഗിക്കാനും നമ്മുടെ ബുദ്ധിയെ ഉപയോഗപ്പെടുത്താനും ആ തീരുമാനങ്ങളിലൂടെ വിശ്വാസത്തെ കാത്തുസൂക്ഷിക്കാനും അവർ ആഹ്വാനം ചെയ്തു.
ഡാനിയൽ ആൻഡ്രൂസ് (ഇടത്) മാത്യു ഗൈ ആൻഡ്രൂസ് (വലത്)
തിരഞ്ഞെടുപ്പിൽ നമ്മുടെ വോട്ടിന് ഏറ്റവും അർഹതയുള്ളവർ ആരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈ വിവേചനം നിരവധി പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതാകാം. വ്യക്തികളുടെയോ കക്ഷികളുടെയോ മുൻകാല പ്രകടനം, മുൻപോട്ടുള്ള പദ്ധതികളെ അടിസ്ഥാനമാക്കിയുള്ള വാഗ്ദാനങ്ങൾ അല്ലെങ്കിൽ ഭാവിയിൽ നൽകുന്ന ധനസഹായത്തിന്റെ വാഗ്ദാനങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ നമ്മുടെ വിവേചനത്തെ സ്വാധീനിക്കുന്നു.
എന്നാൽ സമൂഹത്തിന്റെ നന്മയെ മുന്നോട്ട് നയിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്ന പാർട്ടികളെയും വ്യക്തികളെയും തിരഞ്ഞെടുക്കാനാണ് നമ്മുടെ വിശ്വാസം ആഹ്വാനം ചെയ്യുന്നതെന്നും മെത്രാന്മാർ കത്തിലൂടെ ആഹ്വാനം ചെയ്തു.
കൂടാതെ സമൂഹത്തിൽ പ്രാധാന്യമുള്ള പ്രശ്‌നങ്ങൾ മുന്നോട്ട് കൊണ്ടുവരാനായി ബിഷപ്പുമാർ കത്തോലിക്കാ വോട്ടർമാരോട് www.melbournecatholic.org/stateelection2022-ൽ പ്രവേശിച്ച് സഹായിക്കാനും നിർദ്ദേശം നൽകി. ഈ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ സമയത്ത് മുഴുവൻ സമൂഹത്തിനും വേണ്ടി പ്രാർത്ഥിക്കാൻ തങ്ങളോടൊപ്പം ചേരാണമെന്ന് മെത്രാന്മാർ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് നവംബർ 26 ശനിയാഴ്ച ആണ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ലേബർ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് മൂന്നാം തവണയും ജനവിധി തേടുന്നുണ്ട്. അതേസമയം ലിബറൽ നേതാവ് മാത്യു ഗൈ ആൻഡ്രൂസ് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സർക്കാരിനെ പുറത്താക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
അതേസമയം തെരഞ്ഞെടുപ്പില്‍ മലയാളിയും മത്സര രംഗത്തുണ്ട്. കോട്ടയം സ്വദേശിയായ അരുണ്‍ ജോര്‍ജ് മാത്യു പാലക്കലോടിയാണ് മെല്‍ബണ്‍ സിറ്റിയില്‍നിന്ന് ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. തന്റെ സ്ഥാനാര്‍ത്ഥിത്വം മറ്റുള്ളവര്‍ക്കും മുന്‍നിരയിലേക്ക് വന്നു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പ്രചോദനമാവുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26