കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി എജ്യുക്കേഷന്‍ നടത്തിയ ടെറ്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. പരീക്ഷ പാസായവരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഉണ്ട്.
കൂടാതെ സുവേന്ദു അധികാരി, പാര്‍ത്ഥ ചാറ്റര്‍ജി, ദിലീപ് ഘോഷ്, അഭിഷേക് ബാനര്‍ജി തുടങ്ങി നിരവധി പ്രമുഖരുടെ പേരുകളാണ് ബോര്‍ഡ് പുറത്തിറക്കിയ ഉദ്യോഗാര്‍ത്ഥികളുടെ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മാര്‍ക്ക് ലിസ്റ്റ് പ്രകാരം അമിത് ഷാ 93 മാര്‍ക്കും മമത ബാനര്‍ജി 92 മാര്‍ക്കുമാണ് ടെറ്റ് പരീക്ഷയില്‍ നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍ക്ക് ലിസ്റ്റ് പുറത്ത് വിട്ടത്. പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി എജ്യുക്കേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1,832 പേജുകളിലായി പരീക്ഷയില്‍ വിജയിച്ച 1,25,000 ഉദ്യോഗാര്‍ത്ഥികളുടെ പേരുകളാണ് ഉള്ളത്. റോള്‍ നമ്പര്‍ സഹിതമാണ് രാഷ്ട്രീയക്കാരുടേത് അടക്കമടക്കമുള്ള പേരുകള്‍ വെബ്സൈറ്റിലെ മെറിറ്റ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.
075020639 എന്ന റോള്‍ നമ്പറാണ് അമിത് ഷായുടേതായി കാണിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലാണ് അമിത് ഷായുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മമത ബാനര്‍ജിയുടെ ബന്ധുവായ അഭിഷേക് ബാനര്‍ജി 96 മാര്‍ക്ക് നേടിയെന്നാണ് വാദം. ബംഗാളിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിക്ക് 100 മാര്‍ക്കും സുജന്‍ ചക്രവര്‍ത്തിക്ക് 99 മാര്‍ക്കും ബിജെപി എംപി ദിലീപ് ഘോഷിന് 84 മാര്‍ക്കും ലഭിച്ചെന്നാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി എജ്യുക്കേഷന്‍ പ്രസിഡന്റ് ഗൗതം പോളിന്റെ പേരും പരീക്ഷയില്‍ യോഗ്യത നേടിയവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബംഗാളില്‍ അധ്യാപക നിയമനത്തില്‍ ഉള്‍പ്പെടെ വമ്പന്‍ അഴിമതി നടക്കുന്നുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ടെറ്റ് പരീക്ഷയുടെ വിചിത്രമായ യോഗ്യതാ ലിസ്റ്റും പുറത്ത് വന്നിരിക്കുന്നത്. ടെറ്റ് മെറിറ്റ് ലിസ്റ്റില്‍ അപാകതകളുണ്ടെന്ന് ആരോപിച്ച് നിരവധി ഉദ്യോഗാര്‍ത്ഥികള് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.
മാര്‍ക്ക് ലിസ്റ്റിലെ അപാകത എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചിരുന്നു. അതേസമയം ആശയക്കുഴപ്പം പരിഹരിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്ന് ഗൗതം പോള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.