ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ വയോധിക മരിച്ചു; ഹോട്ടലിന്റെ മേല്‍ക്കൂരയില്‍നിന്ന് 14 പേരെ രക്ഷിച്ചു

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ വയോധിക മരിച്ചു; ഹോട്ടലിന്റെ മേല്‍ക്കൂരയില്‍നിന്ന് 14 പേരെ രക്ഷിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ജീവനെടുത്ത് വെള്ളപ്പൊക്കം. 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് ഫോര്‍ബസ് നഗരവും സമീപ പ്രദേശങ്ങളും സാക്ഷ്യം വഹിക്കുന്നത്. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്. റോഡുകളും വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം താറുമാറായി. ചെറു ബോട്ടുകളിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഫോര്‍ബസിനു സമീപമുള്ള യുഗൗറയില്‍ വയോധിക വെള്ളപ്പൊക്കത്തില്‍ മരിച്ചു. ഒരാളെ കാണാതായി.

വെള്ളപ്പൊക്കത്തില്‍ കണ്ടെത്തിയ മൃതദേഹം 60 കാരിയായ ഡയാന സ്മിത്തിന്റേതാണെന്നു പോലീസ് അറിയിച്ചു. കാണാതായ 85 കാരനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വയോധികന്‍ താമസിക്കുന്ന പ്രദേശം വെള്ളപ്പൊക്കത്താല്‍ ചുറ്റപ്പെട്ടതിനാല്‍ കുടുംബത്തിന് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

700 പേര്‍ മാത്രം താമസിക്കുന്ന യുഗൗറയിലെ എല്ലാ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പലരും രക്ഷ തേടി വീടിന്റെ മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

ഫോര്‍ബ്‌സ് മേഖലയുടെ കൂടുതല്‍ ഭാഗങ്ങളിലുള്ള ജനങ്ങളോട് വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കി. നഗരത്തിലൂടെ ഒഴുകുന്ന ലാച്‌ലാന്‍ നദിയിലെ ജലനിരപ്പ് 10.68 മീറ്ററാണ്. വ്യാഴാഴ്ച രാവിലെ റെക്കോര്‍ഡ് ഉയരമായ 10.8 മീറ്ററിലെത്തുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. ഫോര്‍ബ്സിലെ ഒരു പബ്ബിന്റെ മേല്‍ക്കൂരയില്‍ നിന്ന് 14 പേരെയാണ് ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയത്.

വീട്ടിനു പുറത്തിറങ്ങാനാവാതെ വന്ന വൃദ്ധ ദമ്പതികളെയും മകളെയും രണ്ട് നായ്ക്കളെയും ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി.

ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് ഫോര്‍ബ്സിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരിത ബാധിതര്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ സര്‍ക്കാര്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കം ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്ന് ഫോര്‍ബ്‌സ് മേയര്‍ ഫിലിസ് മില്ലര്‍ മുന്നറിയിപ്പു നല്‍കി. ഇപ്പോള്‍ തന്നെ നഗരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളത്തിനടിയിലായതായി അവര്‍ പറഞ്ഞു. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ വെള്ളപ്പൊക്ക ദുരന്തമാണിതെന്നും മേയര്‍ പറഞ്ഞു. രണ്ടാഴ്ച്ച മുന്‍പും നഗരവാസികള്‍ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയിരുന്നു.


വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപ്പെടുത്തിയ കുതിരയെ ബോട്ടില്‍ കൊണ്ടുപോകുന്നു.

ഫോര്‍ബ്സില്‍ മാസങ്ങളായി വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനമാണിത്. ന്യൂസിലന്‍ഡിലെ ഫയര്‍ എമര്‍ജന്‍സി സേവന വിഭാഗത്തില്‍നിന്ന് 12 പേരാണ് ന്യൂ സൗത്ത് വെയില്‍സില്‍ എത്തിയത്.

വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷ നേടാന്‍ ആയിരക്കണക്കിന് മണല്‍ച്ചാക്കുകള്‍ താമസക്കാര്‍ക്ക് വിതരണം ചെയ്തതായി ഫോര്‍ബ്‌സ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് (എസ്ഇഎസ്) കമാന്‍ഡര്‍ റോക്കി വാല്‍ഷോ പറഞ്ഞു.

ഫോര്‍ബ്‌സ് ഹോസ്പിറ്റലിലേക്ക് നഴ്‌സുമാരെ ജോലിക്കായി ചെറുബോട്ടുകളിലാണ് എത്തിച്ചത്. നിരവധി മൃഗങ്ങളെയും രക്ഷപ്പെടുത്തി. ഫോര്‍ബ്‌സിലെ ബാര്‍വോണ്‍ സ്ട്രീറ്റില്‍നിന്ന് അര ഡസന്‍ ആടുകളെയും ഒരു കുതിരയെയും ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തി.

വെള്ളപ്പൊക്കം നാശം വിതച്ച പല വീടുകളുടെയും ശുചീകരണം ആരംഭിച്ചു. പലരുടെയും വീടുകള്‍ക്കുള്ളിലെ ഗൃഹോപകരണങ്ങള്‍ അടക്കം നിരവധി സാധനങ്ങള്‍ ഒഴുകിപ്പോയി. തുടര്‍ച്ചയായി വെള്ളപ്പൊക്കം മൂലം വലിയ സാമ്പത്തിക ബാധ്യതയാണ് പ്രദേശവാസികള്‍ നേരിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.