പോളണ്ടിലെ മിസൈല്‍ സ്ഫോടനം: മിസൈൽ തൊടുത്തത് ഉക്രെയ്‌നിൽ നിന്നെന്ന് റിപ്പോർട്ടുകൾ; അന്വേഷണം പുരോഗമിക്കുന്നതായി പോളണ്ടും നാറ്റോയും

പോളണ്ടിലെ മിസൈല്‍ സ്ഫോടനം: മിസൈൽ തൊടുത്തത് ഉക്രെയ്‌നിൽ നിന്നെന്ന് റിപ്പോർട്ടുകൾ; അന്വേഷണം പുരോഗമിക്കുന്നതായി പോളണ്ടും നാറ്റോയും

വാഴ്സോ: പോളണ്ടിൽ പതിച്ച മിസൈൽ യുക്രൈൻ സൈന്യത്തിന്റേതെന്ന് പ്രാഥമിക നിഗമനമെന്ന് റിപ്പോർട്ടുകൾ. യുക്രൈൻ സൈന്യം തൊടുത്ത വിട്ട റഷ്യൻ മിസൈലാണ് പോളണ്ടിൽ പതിച്ചതെന്ന് വിലയിരുത്തുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

പോളണ്ടിന്റെ കിഴക്കന്‍ മേഖലയായ പ്രസെവോഡോയില്‍ പതിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയും നാറ്റോയും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. മിസൈൽ തൊടുത്തത് റഷ്യയിൽ നിന്നാകണമെന്നില്ലെന്നും പൂർണമായും അന്വേഷിക്കുന്നതിന് മുമ്പ് അങ്ങനെ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ വിശദ അന്വേഷണം നടത്തുന്നത് വരെ അതേ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി. ഇന്തൊനേഷ്യയിലെ ബാലിയിൽ ജി-20 സമ്മേളനത്തിനിടെ ചേർന്ന നാറ്റോയുടെ അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബൈഡൻ. ഉക്രെയ്‌ൻ അധിനിവേശത്തിനുശേഷം ഒരു നാറ്റോ രാജ്യത്തിന് നേരെ റഷ്യന്‍ ആയുധങ്ങള്‍ പതിക്കുന്നത് ആദ്യമായാണ്. ഇതോടെയാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗിന്റെ നേതൃത്വത്തിൽ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തത്.

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതായി പോളണ്ട് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി പറഞ്ഞു. അതേസമയം റഷ്യൻ മിസൈലുകളാണ് ആക്രമണത്തിന് കാരണമെന്നത് റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെത്തന്നെ നിഷേധിച്ചിരുന്നു. സ്ഥിതിഗതികൾ വഷളാക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രകോപനമാണിതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

മിസൈല്‍ റഷ്യയില്‍ നിര്‍മ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞതായി പോളണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്നോ എവിടെയാണ് നിര്‍മ്മിച്ചതെന്നോ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയില്ലെന്ന് പ്രസിഡന്റ് ആന്ദ്രേയ് ദൂദ പറഞ്ഞു. വിഷയം ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും കൂടുതൽ മിസൈലുകൾ ഉണ്ടായതിന് തെളിവുകളൊന്നുമില്ലെന്നും പോളണ്ട് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം യുദ്ധത്തിന്റെ വളരെ പ്രധാനപ്പെട്ട വ്യാപനമെന്ന് സംഭവത്തെ അപലപിച്ച് ഉക്രെയ്‌ൻ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതികരിച്ചത്. ഉക്രെയ്‌നിന്റെ അതിര്‍ത്തിയിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെയുള്ള ഗ്രാമമായ പ്രസെവോഡോവില്‍ ധാന്യം ഉണക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഉക്രെയ്ൻ സംഘർഷ പശ്ചാത്തലത്തിൽ റഷ്യ നാറ്റോ സഖ്യ രാഷ്ട്രങ്ങളുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ കൂടിയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്.

നാറ്റോ സഖ്യത്തിലെ അംഗങ്ങളായ നോർവേ, ലിത്വാനിയ, എസ്റ്റോണിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇതു വളരെ ഗുരുതരമായ സംഭവമാണെന്നും പക്ഷേ ചിത്രം വ്യക്തമല്ലെന്നും നോർവീജിയൻ വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്ഫെൽഡ് പറഞ്ഞു. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കപ്പെടണമെന്ന് ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസേദ ട്വീറ്റ് ചെയ്തു.

അതിനിടെ, പോളണ്ടിനെതിരായ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജി20 ഉച്ചകോടിയിൽ നേതാക്കൾ ചർച്ച നടത്തുമെന്നാണ് വിവരം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരെല്ലാം പോളണ്ട് ഭരണകൂടവുമായി ഫോണിൽ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.