ഡോ. സി.വി.ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍; നിയമനം ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവില്‍

ഡോ. സി.വി.ആനന്ദബോസ് ബംഗാള്‍ ഗവര്‍ണര്‍; നിയമനം ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവില്‍

ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍.ഗണേശനാണ് നിലവില്‍ ബംഗാള്‍ ഗവര്‍ണറുടെ അധികച്ചുമതല. ആനന്ദബോസിനെ മുഴുവന്‍സമയ ഗവര്‍ണറായി നിയമിക്കുന്നതായി രാഷ്ട്രപതിഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. യുഎന്‍ പാര്‍പ്പിട വിദഗ്ധസമിതി ചെയര്‍മാനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു.

മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികെയാണ് ഇപ്പോഴത്തെ നിയമനം. ഭരണഘടന അനുസരിച്ച് ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നു ആനന്ദ ബോസ് പ്രതികരിച്ചു. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിചിതമായ സ്ഥലമാണ് ബംഗാള്‍. കൊല്‍ക്കത്തയില്‍ നിന്നാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തന്റെ ആദ്യ ചെറുകഥ പോലും പശ്ചിമ ബംഗാളിലെ ചേരികളെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനലബ്ദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറയുന്നതിനൊപ്പം കേരളത്തിലെ ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആനന്ദ ബോസ് ബിജെപിയില്‍ ചേര്‍ന്നത്. ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് സി.വി. ആനന്ദബോസ്. നരേന്ദ്ര മോഡി ഭരണകാലത്ത് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയുമാണ് സി.വി ആനന്ദബോസ്. പി.എസ്. ശ്രീധരന്‍ പിള്ള ഇപ്പോള്‍ ഗോവ ഗവര്‍ണറാണ്. കുമ്മനം രാജശേഖരന്‍ നേരത്തെ മിസോറാം ഗവര്‍ണറായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.