ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. വിക്രം എസ് എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30 ന് വിക്ഷേപണം ചെയ്യും. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാർട്ടപ്പാണ് വിക്രം എസ് നിർമ്മിച്ചത്.
ആറ് മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രം മതി. വിക്ഷേപണ ദൂരം കുറവാണെങ്കിലും പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണ്.
നാല് വർഷം മുമ്പാണ് സ്കൈറൂട്ട് എന്ന സ്റ്റാർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമാകുന്നത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ആദ്യ റോക്കറ്റ് അവർ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷയാണ്. ഇവിടെ ജയിച്ചാൽ അടുത്ത വർഷം കൂടുതൽ കരുത്തനായ വിക്ഷേപണവാഹനം വിക്രം 1 എത്തും.
സ്കൈറൂട്ടിലൂടെ റോക്കറ്റ് വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ രംഗപ്രവേശത്തെ ഐഎസ്ആർഒയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യ മേഖലയിലേക്ക് മാറ്റി ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. സ്വകാര്യ മേഖലയ്ക്കും ഐഎസ്ആർഒക്കും മധ്യേ പാലമായി പ്രവർത്തിക്കുന്ന ഇൻസ്പേസ് ആണ് വിക്ഷേപണത്തിന് വേണ്ട സഹായങ്ങൾ ഒരുക്കുന്നത്.
റോക്കറ്റിനെ വിക്ഷേപിക്കാനും വിക്ഷേപണ ശേഷം പിന്തുടരാനും ആവശ്യമായ സഹായം ഐഎസ്ആർഒ നൽകും. ഇൻസ്പേസ് ചെയർമാൻ പവൻ ഗോയങ്ക, ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ വിക്ഷേപണം കാണാനായി ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.