ഒരു മിനി കൂപ്പര്‍ കാറിന്റെ വലിപ്പം; ഏറ്റവും വലിയ കടലാമകളില്‍ ഒന്നിന്റെ ഫോസില്‍ കണ്ടെത്തി

ഒരു മിനി കൂപ്പര്‍ കാറിന്റെ വലിപ്പം; ഏറ്റവും വലിയ കടലാമകളില്‍ ഒന്നിന്റെ ഫോസില്‍ കണ്ടെത്തി

മാഡ്രിഡ്: യൂറോപ്പ് ദ്വീപസമൂഹത്തിന്റെ തീരങ്ങളില്‍ 83 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഏറ്റവും വലിയ കടലാമകളില്‍ ഒന്നിന്റെ ഫോസിലുകള്‍ കണ്ടെടുത്തു. ഉപ ഉഷ്ണമേഖലാ ഭാഗങ്ങളിലെ കടലിലൂടെ സഞ്ചരിക്കുന്ന ഏറ്റവും വലിയ കടലാമകളില്‍ ഒന്നാണിത്. ഇവയ്ക്ക് ഒരു ചെറിയ കാറിന്റെ വലിപ്പമുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഒരു മിനി കൂപ്പറിന്റെ വലിപ്പം.

കൂടാതെ ശക്തമായ ഒഴുക്കിലും നീന്താന്‍ ഇവയ്ക്ക് സാധിച്ചിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. ലെവിയതനോചെലിസ് എനിഗ്മാറ്റിക്ക എന്ന് ശാസ്ത്രീയ നാമം നല്‍കിയിട്ടുള്ള ഈ ആമയ്ക്ക് 12 അടി (3.7 മീറ്റര്‍) നീളവും രണ്ട് ടണ്ണില്‍ താഴെ ഭാരവുമുണ്ട്.

ദിനോസറുകളുടെ കാലഘട്ടത്തിലെ അവസാന അധ്യായമായ ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ ജീവിച്ചിരുന്നവയാണ് ലെവിയതനോചെലിസ് എനിഗ്മാറ്റിക്ക എന്ന കടലാമ.

വടക്കുകിഴക്കന്‍ സ്പെയിനില്‍ നിന്നാണ് ഇവയുടെ ഫോസില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ഏറ്റവും വലിയ കടലാമയായി വിലയിരുത്തപ്പെടുന്ന ലെതര്‍ബാക്കിനെക്കാള്‍ അഞ്ച് അടി കൂടുതല്‍ നീളമുണ്ട് ലെവിയതനോചെലിസ് എനിഗ്മാറ്റിക്കയ്ക്ക്. ഏഴ് അടി (2 മീറ്റര്‍) നീളം വരെ എത്താന്‍ സാധിക്കുന്ന കടലാമയാണ് ലെതര്‍ബാക്ക്.

ഏകദേശം 70 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നതും 15 അടി (4.6 മീറ്റര്‍) നീളത്തില്‍ എത്തിയതുമായ ആര്‍ക്കെലോണ്‍ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ കടലാമയുമായി ഏതാണ്ട് സാമ്യമുള്ളതാണ് ലെവിയതനോചെലിസ്. ലെവിയതനോചെലിസിന് ഒരു മിനി കൂപ്പറിന്റെ നീളമാണെങ്കില്‍ ആര്‍ക്കിലോണിന് ടൊയോട്ട കൊറോളയുടെ വലിപ്പം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.

ഭൂമിയില്‍ ഉണ്ടായിരുന്ന വലിയ ആമകളില്‍ പ്രോട്ടോസ്റ്റെഗയും സ്റ്റുപെന്‍ഡെമിസും ഉള്‍പ്പെടുന്നു. രണ്ടും ഏകദേശം 13 അടി (4 മീറ്റര്‍) നീളം വരെ വളരും. സമുദ്രത്തിന്റെ അടിത്തട്ടിലാണ് ലെവിയതനോചെലിസ് കൂടുതലും കാണപ്പെടുക എന്നും അപൂര്‍വ്വമായി മാത്രമേ കരയിലേക്ക് വരികയുള്ളു എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.