ട്വന്റി 20 ലോകകപ്പ് തോല്‍വി; ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ക്ലീന്‍ ബൗള്‍ഡ്

ട്വന്റി 20 ലോകകപ്പ് തോല്‍വി; ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ക്ലീന്‍ ബൗള്‍ഡ്

മുംബൈ: ട്വന്റി 20 ലോകകപ്പിലെ നാണംകെട്ട തോൽവിയെ തുടർന്ന് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കി ബി.സി.സി.ഐ. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ കമ്മറ്റിക്കെതിരെയാണ് നടപടി. 

ഈ സെലക്ഷന്‍ കമ്മിറ്റിയുടെ കാലത്താണ് 2021 ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ടില്‍ പോലും കടക്കാതെ ടീം ഇന്ത്യ പുറത്തായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ടതും പുറത്താക്കൽ നടപടിക്കുള്ള കാരണങ്ങളായി പറയുന്നു.

2020 ഡിസംബറില്‍ മുന്‍ താരം മദന്‍ ലാല്‍ അധ്യക്ഷനായ ക്രിക്കറ്റ് ഉപേദശകസമിതിയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. മലയാളിയായ മുന്‍ ഇന്ത്യന്‍ താരം എബി കുരുവിള, മുന്‍ താരം ദേബാശിഷ് മൊഹന്തി, ഹര്‍വിന്ദര്‍ സിങ്, സുനില്‍ ജോഷി എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

54-കാരനായ ചേതന്‍ ശര്‍മ ഇന്ത്യയ്ക്കായി 23 ടെസ്റ്റും 65 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 61 വിക്കറ്റും ഏകദിനത്തില്‍ 67 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

അതേസമയം പുതിയ സെലക്ടര്‍മാരെ കണ്ടെത്തുന്നതിനായി ബി.സി.സി.ഐ. അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 28 വൈകുന്നേരം ആറു മണിവരെയാണെന്ന് ബി.സി.സി.ഐ. അറിയിച്ചു. അപേക്ഷകര്‍ കുറഞ്ഞത് ഏഴ് ടെസ്റ്റ് മത്സരങ്ങളും 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അല്ലെങ്കില്‍ 10 ഏകദിനവും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം. കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പെങ്കിലും കളിയില്‍നിന്ന് വിരമിച്ചിരിക്കുകയും വേണം.

വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമുകളുടെ പ്രഖ്യാപനത്തിന് ശേഷം പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന യോഗത്തിന് ശേഷം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ സൂചിപ്പിച്ചിരുന്നു. ദേശീയ സെലക്ടര്‍മാരുടെ നിയമന നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ഉപദേശക സമിതി (സി.എ.സി.) രൂപവത്കരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.