മൗണ്ട് മൗങ്ഗനൂയി: ന്യൂസിലാന്‍ഡിനെതിരെ ആദ്യ ടി20 മത്സരത്തില്‍ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന്റെയും പിന്‍ബലത്തില്‍ 65 റണ്‍സിനാണ് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ്  18.5 ഓവറില്‍ 126 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്റെ തുടക്കം വളരെ മോശമായിരുന്നു. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് വീണു. അക്കൗണ്ട് തുറക്കാതെ തന്നെ ഫിന്‍ അലന്‍ പുറത്തായി. കോണ്‍വെയും വില്യംസണും ചേര്‍ന്ന് 56 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ടെങ്കിലും സുന്ദര്‍ കോണ്‍വെയെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു.
തൊട്ടടുത്ത ഓവറില്‍ തന്നെ ഗ്ലെന്‍ ഫിലിപ്‌സിനെ ചാഹല്‍ പുറത്താക്കിയതോടെ മത്സരത്തില്‍ ഇന്ത്യയുടെ പിടി മുറുകി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ കിവീസ് 18.5 ഓവറില്‍ 126 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വില്യംസണ്‍ 61 റണ്‍സും കോണ്‍വെ 25 റണ്‍സും നേടി. ഇരുവര്‍ക്കും പുറമെ ഗ്ലെന്‍ ഫിലിപ്‌സിനും (12 റണ്‍സ്), ഡാരില്‍ മിച്ചലിനും (10 റണ്‍സ്) മാത്രമേ രണ്ടക്കം കാണാന്‍ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയത് ദീപക് ഹൂഡയാണ്. 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവ് സെഞ്ച്വറി നേടി. ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടിയുള്ള രണ്ടാം സെഞ്ചുറിയാണിത്. രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഒരു വര്‍ഷത്തില്‍ രണ്ട് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍. മത്സരത്തില്‍ ഹാട്രിക് നേടിയ ന്യൂസിലാന്‍ഡിന്റെ ടിം സൗത്തി ടി20യില്‍ രണ്ട് ഹാട്രിക് നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബൗളറായി. നേരത്തെ പാക്കിസ്ഥാനെതിരെ ഹാട്രിക് നേടിയിരുന്നു. ടി20യില്‍ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ബൗളറാണ് ലസിത് മലിംഗ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.