ലോകകപ്പ്: വെയ്ല്‍സിന്റെ രക്ഷകനായി ബെയ്ല്‍; യുഎസിനെതിരെ സമനില

ലോകകപ്പ്: വെയ്ല്‍സിന്റെ രക്ഷകനായി ബെയ്ല്‍; യുഎസിനെതിരെ സമനില

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ യു.എസ്.എയെ സമനിലയിൽ കുടുക്കി വെയ്ല്‍സ്. ആവേശ പോരാട്ടത്തിൽ 1-1 എന്ന സ്കോറിനാണ് ഇരു ടീമുകളും സമനില പിടിച്ചത്.

ആദ്യ പകുതിയിൽ ടിം വിയ നേടിയ ഗോളിൽ മുന്നിലെത്തിയ യു.എസ്.എയെ 82ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സൂപ്പർതാരം ഗാരത് ബെയ്ൽ സമനിലയിൽ തളച്ചു. ശേഷിച്ച സമയം വിജയ ഗോളിനായി ഇരു ടീമുകളും കിടഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഖത്തർ ലോകകപ്പിലെ ആദ്യ സമനിലയാണിത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ആദ്യ മത്സരത്തിൽ ഇറാനെതിരെ തകർപ്പൻ ജയം നേടിയ ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ബിയിൽ മുന്നിൽ.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച യുഎസിന്റെ വേഗത്തിന് മുന്നിൽ വെയ്ൽസ് പതറിയപ്പോൾ ഒന്നാം പകുതി യുഎസിനായിരുന്നു ആധിപത്യം.ആദ്യ 10 മിനിറ്റിൽ യു.എസ്.എയുടെ തുടരെ തുടരെയുള്ള അതിവേഗ ആക്രമണങ്ങളിൽ പതറിയെങ്കിലും വെയ്ൽസ് പ്രതിരോധം ഗോൾ വീഴ്ത്താതെ പിടിച്ചു നിന്നു. ഒമ്പതാം മിനിറ്റിൽ സെൽഫ് വഴങ്ങുന്നതിൽ നിന്ന് വെയ്ൽസ് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.

പിന്നാലെ യുഎസിന് ലഭിച്ച അവസരം ആന്റോണി റോബിൻസൺ നഷ്ടമാക്കി. അന്റോണി റോബിൻസണും ക്രിസ്റ്റ്യൻ പുലിസിച്ചിനും ആക്രമിക്കാൻ ഇടം നൽകിയതിന് 36-ാം മിനിറ്റിൽ വെയ്ൽസ് വലിയ വില നൽകേണ്ടിവന്നു.

മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ക്രിസ്റ്റ്യന്‍ പുലിസിച്ച് നല്‍കിയ മനോഹര പാസ് തിമോത്തി വിയ ഗോൾവലയിൽ എത്തിച്ചതോടെ യുഎസ് ഒരടി മുന്നിലെത്തി. സ്കോർ യുഎസ് 1 വെയ്ൽസ് 0.

തുടർന്നും ഇരു വിംഗുകളിലൂടെ തുടർ ആക്രമണങ്ങൾ വെയ്ൽസ് ഗോൾ മുഖത്ത് ഇരച്ചെത്തി. യു.എസ്.എ മിന്നിക്കളിച്ച ആദ്യ പകുതിയിൽ കാഴ്ചക്കാരുടെ റോളിലായിരുന്നു വെയ്ൽസ്.

ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞതോടെ രണ്ടാം പകുതിയിൽ വെയ്ല്‍സ് അപ്രതീക്ഷ മുന്നേറ്റങ്ങൾ നടത്തിയതോടെ യുഎസ് പ്രതിരോധം വിറച്ചു. 

64-ാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ ബെന്‍ ഡേവിസ് തൊടുത്ത ഹെഡ്ഡര്‍ യുഎസ് ഗോളി മാറ്റ് ടര്‍ണര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയപ്പോള്‍ തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറില്‍ നിന്ന് കീഫര്‍ മൂര്‍ തൊടുത്ത ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. വെയ്ല്‍സ് തുടര്‍ ആക്രമണങ്ങളുമായി നിറഞ്ഞു കളിച്ചപ്പോള്‍ യുഎസ് പ്രതിരോധത്തിലേക്ക് വലിഞ്ഞ് കൗണ്ടര്‍ അറ്റാക്കുകളില്‍ മാത്രം ശ്രദ്ധിച്ചു.

തുടര്‍ ആക്രമണങ്ങള്‍ക്ക് വെയ്ല്‍സിന് 80-ാം മിനിറ്റില്‍ പ്രതിഫലം ലഭിച്ചു. ഗാരെത് ബെയ്‌ലിനെ ടിം റീം ബോക്സില്‍ വീഴ്ത്തിയതിന് വെയ്ല്‍സിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. പിഴവുകളേതുമില്ലാതെ ബെയ്ല്‍ പന്ത് വലയിലെത്തിച്ച് സമനില പിടിച്ചു വാങ്ങി.

1958നുശേഷം ആദ്യ ലോകകപ്പിനിറങ്ങിയ വെയ്ല്‍സ് തോല്‍ക്കാതെ കയറിയതിന്‍റെ ആശ്വാസത്തില്‍ മടങ്ങിയപ്പോള്‍ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും വിജയവും വിലപ്പെട്ട മൂന്ന് പോയന്‍റും കൈവിട്ടതിന്‍റെ നിരാശയിലായിരുന്നു യു.എസ്.എ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.