ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ വർദ്ധിച്ചു വരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി എസിഎൻ

ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ വർദ്ധിച്ചു വരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി എസിഎൻ

ലണ്ടൻ: ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. ജിഹാദികളും ദേശീയവാദികളുമാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ക്രൂര പീഡനത്തിന് നേതൃത്വം നൽകുന്നതെന്നാണ് കാത്തലിക് ചാരിറ്റി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) തയ്യാറാക്കിയ 'വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷികളാകുകയും എന്നാൽ വിസ്മൃതിയിലാകുകയും ചെയ്ത ക്രിസ്ത്യാനികളെ കുറിച്ചുള്ള റിപ്പോർട്ട്' എന്നപേരിലുള്ള ലേഖനത്തിൽ വ്യക്തമാക്കുന്നത്.

ബ്രിട്ടന്റെ പാർലമെന്റ് ഹൗസിൽ നടന്ന പ്രകാശനത്തിൽ നൈജീരിയയിലെ ഒൻഡോ രൂപത ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെയാണ് മുഖ്യപ്രഭാഷണം നടത്തിയത്. നൈജീരിയയിൽ കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു ഞായറാഴ്ച ശുശ്രൂഷകൾക്കിടെ വിശ്വാസികൾ തിങ്ങിനിറഞ്ഞ ദേവാലയത്തിലെ 40-ലധികം പേരെ കൊലപ്പെടുത്തിയ തോക്കുധാരികൾ ലക്ഷ്യമിട്ടത് ബിഷപ്പ് അരോഗുണ്ടാഡെയെ ആയിരുന്നു.

വടക്കൻ മധ്യ നൈജീരിയയിൽ നടക്കുന്ന കൂട്ടക്കൊലകൾ ആരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ലെന്ന് ബിഷപ്പ് അരോഗുണ്ടാഡെ പറഞ്ഞു. ലോകം നിശബ്ദമാണ്. ദേവാലയങ്ങൾക്കും വിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ നിത്യസംഭവമായിരിക്കുന്നു. ലോകശ്രദ്ധ കിട്ടാൻ ഇനി എത്ര വിശ്വാസികളുടെ ജീവനറ്റ ശരീരങ്ങൾ വേണമെന്നും ബിഷപ്പ് ചോദിച്ചു.


എസിഎൻ ആഗോളതലത്തിലും ഒപ്പം പ്രാദേശിക ഉറവിടങ്ങളിൽ നിന്നും വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷികളാകുകയും ചെയ്ത ക്രിസ്ത്യാനികളെ കുറിച്ചുള്ള വിവരശേഖരണം നടത്തി. അതുപോലെ പ്രധാന ആശങ്കയുള്ള രാജ്യങ്ങളിൽ നേരിട്ടെത്തി അവിടെ നടക്കുന്ന ദാരുണ സംഭവങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സമാഹരിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 24 രാജ്യങ്ങളിൽ 75 ശതമാനത്തിലും ക്രിസ്ത്യാനികൾക്കെതിരായ അടിച്ചമർത്തലോ പീഡനമോ വർദ്ധിച്ചതായി കണ്ടെത്തി. 2021 ജനുവരിക്കും 2022 ജൂണിനുമിടയിൽ 7,600 ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ആഫ്രിക്കയിലെ തീവ്രവാദ അക്രമങ്ങളിൽ കുത്തനെ വർദ്ധനവുണ്ടായി.

2022 മെയ് മാസത്തിൽ 20 നൈജീരിയൻ ക്രിസ്ത്യാനികളെ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ബോക്കോ ഹറം തീവ്രവാദികൾ വധിക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങി. ഏഷ്യയിലെ ഭരണകൂട സ്വേച്ഛാധിപത്യം ക്രിസ്ത്യാനികൾക്കെതിരായ ക്രൂരമായ അടിച്ചമർത്തലിലേക്ക് നയിച്ചു. മതവിശ്വാസവും ആചാരങ്ങളും പതിവായും വ്യവസ്ഥാപിതമായും അടിച്ചമർത്തപ്പെടുന്ന ഉത്തരകൊറിയയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലാണ്.

ഇന്ത്യയിലും ശ്രീലങ്കയിലും ഹിന്ദുത്വ, സിംഹള ബുദ്ധ ദേശീയവാദ ഗ്രൂപ്പുകൾ സജീവമായതോടെ, ഇവിടങ്ങളിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചു. ദേവാലയങ്ങളിലെ ശുശ്രൂഷകൾ നിർബന്ധിതമായി നിർത്തലാക്കുകയും വിശ്വാസികളെ അധികാരികൾ അറസ്റ്റ് ചെയ്യുകയും ചെയ്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.


2021 ജനുവരി മുതൽ 2022 ജൂൺ ആരംഭം വരെ ഭാഗികമായി രാഷ്ട്രീയ തീവ്രവാദം നേതൃത്വം നൽകിയ 710 ക്രിസ്ത്യൻ വിരുദ്ധ അക്രമ സംഭവങ്ങൾ ഇന്ത്യയിൽ അഴിഞ്ഞാടി. 2021 ഒക്ടോബറിൽ ഛത്തീസ്ഗഡിൽ നടന്ന ഒരു ബഹുജന റാലിയിൽ, ക്രിസ്ത്യാനികളെ കൊല്ലാൻ വലതുപക്ഷ ഹിന്ദു മത നേതാവ് സ്വാമി പരമാത്മാനന്ദ ആഹ്വാനം ചെയ്തപ്പോൾ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗങ്ങൾ കൈയടിച്ചു.

മിഡിൽ ഈസ്റ്റിലെ കുടിയേറ്റ പ്രതിസന്ധി ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ സമൂഹങ്ങളിൽ ചിലതിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിറിയയിൽ ക്രിസ്ത്യാനികൾ ജനസംഖ്യയുടെ 10 ശതമാനത്തിൽ നിന്ന് 2 ശതമാനത്തിൽ താഴെയായി കുറഞ്ഞു. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് 1.5 ദശലക്ഷം ക്രൈസ്തവരാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ക്രിസ്‌ത്യാനികളുടെ എണ്ണം 3,00,000 ആയി കുറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്.

ഇറാഖിലെ പലായനത്തിന്റെ വേഗത കുറവാണെങ്കിലും, 2014 ലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്‌ഐഎസ്) അധിനിവേശത്തിന് മുമ്പ് ഏകദേശം 3,00,000 ആയിരുന്ന ക്രിസ്ത്യൻ സമൂഹം 2022 മധ്യത്തോടെ 1,50,000 ആയി കുറഞ്ഞു. ഈജിപ്ത്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ, ക്രിസ്ത്യൻ പെൺകുട്ടികൾ പതിവായി തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും വിധേയരാകുന്നതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

പല രാജ്യങ്ങളിലും ക്രിസ്ത്യാനികൾ പീഡനം അനുഭവിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന നേരിട്ടുള്ള സാക്ഷ്യവും വ്യക്തമായ പഠനങ്ങളും ഈ ലേഖനം നൽകുന്നതായി വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷികളാകുകയും എന്നാൽ വിസ്മൃതിയിലാകുകയും ചെയ്ത ക്രിസ്ത്യാനികളെ കുറിച്ചുള്ള റിപ്പോർട്ടിന്റെ രചയിതാവ് ജോൺ പോണ്ടിഫെക്‌സ് പറഞ്ഞു. പീഡിപ്പിക്കപ്പെടുന്നവരെ ലോകം മറക്കുന്നില്ലായെന്ന് കാണിച്ചുകൊണ്ട് അവർക്ക് പിന്തുണ നല്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ ആഹ്വാനം അനുസരിച്ച് നടത്തുന്ന രക്തവർണ്ണ വാരാചരണത്തെകുറിച്ച് കൂടുതലറിയാൻ താഴെ കൊടുത്തതിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക...

https://cnewslive.com/news/37908/martyrs-christian-martyrs-red-wednesday-november-23-js

ക്രൂര പീഡനത്തിനിരയായ നൈജീരിയൻ കത്തോലിക്കാ പെൺകുട്ടിയുടെ സാക്ഷ്യം...

https://cnewslive.com/news/37906/i-pray-for-their-redemption-catholic-girl-tortured-by-boko-haram-in-nigeria-says-jf


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.