അയര്‍ലന്‍ഡ് നഴ്‌സിങ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്‌സ് എക്‌സലന്‍സ് പുരസ്‌കാരം കട്ടപ്പനക്കാരി ബിന്‍സി സണ്ണിക്ക്

അയര്‍ലന്‍ഡ് നഴ്‌സിങ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്‌സ് എക്‌സലന്‍സ് പുരസ്‌കാരം കട്ടപ്പനക്കാരി ബിന്‍സി സണ്ണിക്ക്

ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡ് നഴ്‌സിങ് വിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇടുക്കി സ്വദേശിനി ബിന്‍സി സണ്ണി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രാക്ടീസ് ആന്‍ഡ് എഡ്യൂക്കേഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയും (എന്‍.ഐ.പി.ഇ.സി) ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ നഴ്‌സിങ് കോഴ്‌സില്‍ മികച്ച വിജയം നേടിയാണ് ഇടുക്കികാരി ബിന്‍സി സണ്ണി അവാര്‍ഡ് കരസ്ഥമാക്കിയത്.

എന്‍.ഐ.പി.ഇ.സിയും ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായിട്ടാണ് ബിന്‍സിയെ 2022 ലെ സ്റ്റുഡന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. യൂണിവേഴ്‌സിറ്റിയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ചാണ് പഠന മികവിന് എക്‌സലന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. നാലു കാറ്റഗറിയിലെ പഠനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി. ബെല്‍ഫാസ്റ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ബിന്‍സി എവര്‍റോളിംഗ് ട്രോഫിയും വ്യക്തിഗത പുരസ്‌ക്കാരവും ഏറ്റുവാങ്ങി.

ഏറ്റവും കൂടുതല്‍ നോമിനേഷന്‍ ലഭിച്ച ബിന്‍സി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ അഞ്ച് എന്‍.എച്ച്.എസ് ട്രസ്റ്റിലെയും സ്വകാര്യ മേഖലയിലെയും ഇന്‍ഡിപെന്‍ഡന്റ് സെക്ടറിലെയും നിരവധി ആളുകളെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. Bsc (Honours) in Mental Health Nursing പഠനം പൂര്‍ത്തീകരിച്ചതിനൊപ്പമാണ് ഈ പുരസ്‌കാരം ലഭിച്ചത്.

കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ ജനറല്‍ നഴ്‌സിംഗ് പൂര്‍ത്തിയാക്കി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവുമായി സീനിയര്‍ കെയററായി 2006 ലാണ് ബിന്‍സി ബെല്‍ഫാസ്റ്റില്‍ കുടിയേറിയത്.

എന്‍.എച്ച്.എസില്‍ ബാന്‍ഡ് അഞ്ചില്‍ നഴ്‌സിന്റെ ശമ്പളത്തോടെ സീനിയര്‍ കെയററായി ഫുള്‍ടൈം ജോലിയും മൂന്നു കൊച്ചു പെണ്‍മക്കളുടെ പരിചരണവും ഒപ്പം വീട്ടുകാര്യങ്ങളും നോക്കി നടത്തുന്നതിനിടയിലാണ് ബിന്‍സി പഠനം പൂര്‍ത്തിയാക്കിയത്. ജോലിയിലുള്ള ആത്മാര്‍ത്ഥത, നവീന ആശയങ്ങളുടെ അവതരണം, അര്‍പ്പണബോധം, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്, ടീം വര്‍ക്ക്, പ്രൊഫഷണലിസം എന്നിവ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിനായി ബിന്‍സിയെ തിരഞ്ഞെടുത്തത്.

ജോലിക്കൊപ്പം ഏറ്റവും മികച്ച രീതിയില്‍ കോഴ്‌സ് പാസായതോടെ സൗത്ത് ഈസ്‌റ്റേണ്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ട്രസ്റ്റ് തന്നെ ബിന്‍സിക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് പരിജ്ഞാന സൂചികയായ ഐ.ഇ.എല്‍.ടി.എസും ഒ.ഇ.ടിയും വലിയ കടമ്പയായി മാറിയപ്പോള്‍ യുകെയില്‍ നിന്നും നഴ്‌സിങ് ഡിഗ്രി തന്നെ സ്വന്തമാക്കണം എന്ന ദൃഢനിശ്ചയമാണ് ബിന്‍സിയെ നാലു വര്‍ഷം മുന്‍പ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ്ങില്‍ വിദ്യാര്‍ത്ഥിനിയാക്കിയത്. പത്തു വര്‍ഷം മുന്‍പ് പി.ആറും ലഭിച്ചിരുന്നു.


ബിന്‍സി സണ്ണിയുടെ കുടുംബം

എന്നാല്‍ തസ്തികയും ശമ്പളവുമല്ല, നഴ്‌സായി തന്നെ ജോലി ചെയ്യണം എന്ന ബിന്‍സിയുടെ ഉറച്ച തീരുമാനത്തിന് താങ്ങും തണലുമായി ഒപ്പം നിന്ന ഭര്‍ത്താവ് സണ്ണി തോമസിന്റെ ശക്തമായ പ്രചോദനവും ബിന്‍സിയുടെ നേട്ടത്തിനു കാരണമായി. അതുകൊണ്ടുതന്നെ ബെല്‍ഫാസ്റ്റ് മലയാളികള്‍ക്കിടയില്‍ ഇദംപ്രഥമമായി ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ ബിന്‍സിക്ക് സാധിച്ചത് പ്രവാസി മലയാളികള്‍ക്ക് മാതൃകയുമായി.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സീനിയര്‍ കെയര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബാന്‍ഡ് അഞ്ചാണ് നല്‍കുന്നത്. എങ്കിലും ജോലിയുടെ ടൈറ്റിലുകള്‍ വ്യത്യസ്തമാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇംഗ്ലണ്ടില്‍ പലരും സീനിയര്‍ കെയര്‍ പോസ്റ്റില്‍ നിന്നും നഴ്‌സാകുന്നത്.

ബെല്‍ഫാസ്റ്റിലെ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും ഇടുക്കി എസ്.പി ഓഫീസില്‍ ഉദ്യോഗസ്ഥനുമായിരുന്ന കട്ടപ്പന വെള്ളയാംകുടി സ്വദേശി കുന്നേല്‍ സണ്ണി തോമസ് ആണ് ബിന്‍സിയുടെ ഭര്‍ത്താവ്. മക്കളായ നികിത, നേഹ, ഫെയ്ത് എന്നിവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്.

ഇടുക്കി ജില്ലയിലെ അടിമാലി, മുനിയറയ്ക്കടുത്ത് കരിമല പുതുപ്പറമ്പില്‍ അഗസ്റ്റിന്‍ (ബേബി), ചെമ്മണ്ണാര്‍ വാലുമ്മേല്‍ കുടുബാംഗം ലൂസി ദമ്പതികളുടെ മകളാണ് ബിന്‍സി. സഹോദരന്‍ പ്രിന്‍സ്. യൂറോപ്പിലെ മാധ്യമപ്രവര്‍കന്‍ ജോസ് കുമ്പിളുവേലിയുടെ ഭാര്യ ഷീനയുടെ ജ്യേഷ്ഠസഹോദരിയാണ് ബിന്‍സിയുടെ മാതാവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.