തരൂര്‍ വിഷയം കെപിസിസി പരിഹരിക്കട്ടെ; വിവാദത്തില്‍ തല്‍ക്കാലം ഇടപെടേണ്ടതില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്

തരൂര്‍ വിഷയം കെപിസിസി പരിഹരിക്കട്ടെ; വിവാദത്തില്‍ തല്‍ക്കാലം ഇടപെടേണ്ടതില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: ശശി തരൂരിന്റെ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തല്‍ക്കാലം ഇടപെടേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. വിഷയം കെപിസിസി തന്നെ പരിഹരിക്കട്ടെ എന്ന നിലപാടാണ് എഐസിസിയുടേത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയില്‍ ഇതുവരെ ചുമതലകള്‍ നല്‍കിയിട്ടില്ല. അദ്ദേഹം കേരളത്തില്‍ മലബാറിലെ ജില്ലകളില്‍ മത മേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അടക്കം കണ്ട് നടത്തുന്ന പര്യടനം സംഘടനാ വിരുദ്ധമല്ലന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.

എന്നാല്‍ വി.ഡി സതീശന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളുടെ അതൃപ്തിക്ക് തരൂരിന്റെ പര്യടനം ഇടയാക്കിയിരുന്നു. കോഴിക്കോട് നടന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കണ്ണൂരിലെ പരിപാടിയില്‍ നിന്ന് ഡിസിസിയും വിട്ടുനിന്ന സംഭവം വന്‍ വിവാദമായത് പാര്‍ട്ടിക്ക് തന്നെ ക്ഷീണമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാറിന്റെ നടത്തിപ്പില്‍ നിന്ന് പിന്മാറിയതിന് കാരണം എന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എം.കെ രാഘവന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്ക് കത്തയച്ചിരുന്നു.

വിഭാഗീയ പ്രവര്‍ത്തനമെന്നും ഗ്രൂപ്പിസമെന്നും തരൂരിന്റെ പരിപാടികളെ പരോക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നടപടിയെ എതിര്‍ത്ത് കെ മുരളീധരനും രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാകട്ടെ വിവാദത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ വിഷയം വലിയ ചേരിതിരിവിന് തന്നെ കാരണമായിരിട്ടുണ്ട്.

അതിനിടെ ഉമ്മന്‍ചാണ്ടി വിഭാഗം കോട്ടയത്ത് തരൂരിന് വേദിയൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മഹാ സമ്മേളനം നടക്കും. ഇതില്‍ ശശി തരൂര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്ന് വി.ഡി സതീശന്റെ ചിത്രം ഒഴിവാക്കുകയും ചെയ്തു.

എന്നാല്‍ കെ.സി വേണുഗോപാലിന്റെ ചിത്രം പതിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ ചിന്റു കുര്യന്‍ ജോയിയാണ് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദിയൊരുക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ എ ഗ്രൂപ്പില്‍ ഒരു വിഭാഗം ഈ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.