കാനറികള്‍ ഇന്ന് കളത്തില്‍: ബ്രസീല്‍-സെര്‍ബിയ പോരാട്ടം രാത്രി 12.30ന്

 കാനറികള്‍ ഇന്ന് കളത്തില്‍: ബ്രസീല്‍-സെര്‍ബിയ പോരാട്ടം രാത്രി 12.30ന്

ദോഹ: ലോകകപ്പില്‍ ബ്രസീല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. സെര്‍ബിയയാണ് എതിരാളികള്‍. ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ് എതിരാളികള്‍. റാങ്കിംഗില്‍ കാര്യമില്ല ഗ്രൗണ്ടിലാണ് കളി എന്ന് സൗദി അറേബ്യയും ജപ്പാനും അട്ടിമറി വിജയങ്ങളോടെ തെളിയിച്ചതിനാല്‍ പോരാട്ടം ബ്രസീലിന് അനായാസമായി കാണാനാവില്ല. ബ്രസീലിന്റെ പ്രതീക്ഷയും കരുത്തും നെയ്മര്‍ ജൂനിയറാണ്.

പി എസ് ജിയിലെ തകര്‍പ്പന്‍ പ്രകടനം താരം ഖത്തറിലും ആവര്‍ത്തിച്ചാല്‍ ബ്രസീലിനും ആരാധകര്‍ക്കും നിരാശപ്പെടേണ്ടി വരില്ല. കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-0നായിരുന്നു ബ്രസീലിന്റെ വിജയം. തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ബ്രസില്‍ ദോഹയിലെത്തിയത്. ഇതില്‍ കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ജയവും. ഈ മത്സരങ്ങളില്‍ ബ്രസീല്‍ നേടിയത് 26 ഗോളുകള്‍. വാങ്ങിയത് രണ്ടെണ്ണം മാത്രം.

മുന്‍ ചാമ്പ്യന്‍മാരായ യുറുഗ്വേയും ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. വൈകിട്ട് ആറരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് എതിരാളികള്‍. മൂന്നരക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ നേരിടും.

ചങ്കും കരളും പകുത്തു നല്‍കാന്‍ ടിറ്റെയുടെ കളരിയില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ ചാവേര്‍പ്പട. കണ്ണിമചിമ്മാതെ കോട്ടവാതിലില്‍ അലിസണ്‍ ബെക്കര്‍. മുന്നില്‍ ഇരുമെയ്യും ഒരുമനസുമായി സില്‍വയും മാര്‍ക്വീഞ്ഞോസും.

ആക്രമിച്ചും പ്രതിരോധിച്ചും കയറിയിറങ്ങാന്‍ ഡാനിലോയും അലക്‌സാന്‍ഡ്രോയും. കൊടുങ്കാറ്റായും പര്‍വതമായും രൂപാന്തരം കൊള്ളുന്ന കസെമീറോ. പതാകവാഹകനായി സുല്‍ത്താന്‍ നെയ്മര്‍. സെര്‍ബിയന്‍ കോട്ട പൊളിക്കാന്‍ മുന്നില്‍ റിച്ചാലിസനും വിനീഷ്യസും റഫീഞ്ഞയും. അല്‍പമൊന്നുലഞ്ഞാല്‍ പടച്ചട്ടയണിഞ്ഞ് കാത്തിരിക്കുന്ന ആന്റണിയും റോഡ്രിഗോയും ജീസസും പെഡ്രിയും. വിഭവങ്ങളുടെ അക്ഷയ ഖനിയാണ് ബ്രസീലിന്റെ ആവനാഴി.

യൂറോപ്പില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി ഒന്നാമന്റെ തലയെടുപ്പോടെയാണ് സെര്‍ബിയ വരുന്നത്. ഏത് പ്രതിരോധവും തകര്‍ക്കാനും ഏത് ആക്രമണത്തിന്റെയും മുനയൊടിക്കാനും കെല്‍പ്പുള്ളവര്‍. വാഴ്ത്തുപാട്ടുകള്‍ക്കൊത്ത പെരുമ പുറത്തെടുത്തില്ലെങ്കില്‍ അയല്‍ക്കാരായ അര്‍ജന്റീനയുടെ അതേ ഗതിയാകും ബ്രസീലിനും. സെര്‍ബിയയുമായി ഇതുവരെ ബ്രസീല്‍ ഏറ്റുമുട്ടിയത് രണ്ട് തവണയാണ്. രണ്ട് തവണയും വിജയം ബ്രസീലിനൊപ്പം. ഖത്തര്‍ ലോകകപ്പില്‍ ആദ്യ അങ്കത്തിനിറങ്ങുന്ന ഇരുടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.