ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ രണ്ടു ദിവസം; ഇന്തോനേഷ്യയില്‍ ആറു വയസുകാരന് അത്ഭുത രക്ഷ; വീഡിയോ

ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ രണ്ടു ദിവസം; ഇന്തോനേഷ്യയില്‍ ആറു വയസുകാരന് അത്ഭുത രക്ഷ; വീഡിയോ

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കനത്ത ആള്‍നാശമുണ്ടാക്കിയ ഭൂകമ്പത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം വിടുതല്‍ നേടിയിട്ടില്ല. പ്രകൃതി ദുരന്തത്തില്‍ 271 ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വലിയ ദുരിതത്തിനിടയിലും പ്രതീക്ഷയുടെ ചില കണികകള്‍ അവശേഷിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നുവീണ കെട്ടിടത്തില്‍ കുടുങ്ങിയ ആറു വയസുകാരനെ അത്ഭുതകരമായി രക്ഷിച്ചതാണ് എല്ലാവരുടെയും ഹൃദയം നിറയ്ക്കുന്നത്.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറ് വയസുകാരനെയാണ് രക്ഷാപ്രവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്കു പുറത്തെടുത്തത്. അസ്‌ക എന്ന കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അവന്‍ ജീവിച്ചിരിക്കുന്നെന്ന് മനസിലാക്കിയപ്പോള്‍ താനടക്കം എല്ലാവരും കരഞ്ഞെന്ന് പ്രാദേശിക സന്നദ്ധപ്രവര്‍ത്തകന്‍ ജെക്‌സെന്‍ എഎഫ്പിയോട് പറഞ്ഞു.


ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സിയാന്‍ജൂരിലെ ജില്ലയായ കുഗെനാങ്ങിലാണ് ഈ സംഭവം. തകര്‍ന്ന് തരിപ്പണമായ വീട്ടില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ബാലനെ പുറത്തെടുക്കുന്ന വീഡിയോ വെസ്റ്റ് ജാവയിലെ ബോഗോര്‍ ഡിസ്ട്രിക്റ്റ് ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.

കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും ഭൂകമ്പത്തില്‍ മരിച്ചിരുന്നു. അസ്‌കയെ രക്ഷിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സന്നദ്ധപ്രവര്‍ത്തകന്‍ എഎഫ്പിയോട് പറഞ്ഞു. മുത്തശ്ശിയുടെ അരികിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇടിഞ്ഞുവീണ ഭിത്തി മറ്റൊരു മതിലില്‍ വന്നുനിന്നതുകൊണ്ടാണ് കുട്ടിയുടെ ദേഹത്ത് വീഴാതിരുന്നത്. അതാണ് കുഞ്ഞിനെ രക്ഷിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീടിന്റെ ഉള്ളില്‍ ഒരു കട്ടിലില്‍ തലയിണയും കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു അവന്‍. കുട്ടിക്കും കോണ്‍ക്രീറ്റ് സ്ലാബിനും ഇടയില്‍ 10 സെന്റീമീറ്റര്‍ വിടവുണ്ടായിരുന്നു. 48 മണിക്കൂറിന് ശേഷം കുട്ടി ജീവിച്ചിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഈ സംഭവത്തോടെ അവശിഷ്ടങ്ങളില്‍ നിരവധി പേരെ ജീവനോടെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയും ഭരണകൂടം പങ്കുവെച്ചു. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി 6,000 പേരെ വിന്യസിച്ചു. പ്രദേശത്ത് കനത്ത മഴയുണ്ട്. പക്ഷേ തിരച്ചില്‍ തുടരുകയാണെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി മേധാവി സുഹര്യാന്റോ പറഞ്ഞു. കാണാതായ ഏഴു വയസുകാരി ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഡസന്‍ കണക്കിന് ആളുകള്‍ക്കായാണ് അധികൃതര്‍ തിരച്ചില്‍ തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.