സസ്‌പെന്‍ഡ് ചെയ്ത അക്കൗണ്ടുകള്‍ തിരികെ എത്തും; 'പൊതുമാപ്പ്' നല്‍കി എലോൺ മസ്‌ക്

സസ്‌പെന്‍ഡ് ചെയ്ത അക്കൗണ്ടുകള്‍ തിരികെ എത്തും; 'പൊതുമാപ്പ്' നല്‍കി എലോൺ മസ്‌ക്

സാൻ ഫ്രാൻസിസ്‌കോ: സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ പുനസ്ഥാപിക്കാനൊരുങ്ങി ട്വിറ്റർ. ചില അക്കൗണ്ടുകള്‍ക്ക് 'പൊതുമാപ്പ്' നല്‍കുമെന്ന് ട്വിറ്റർ മേധാവി ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. അടുത്തയാഴ്ച്ച മുതല്‍ ഈ അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിൻവലിക്കും. നിയമങ്ങള്‍ ലംഘിക്കുകയോ സ്പാമില്‍ ഏര്‍പ്പെടുകയോ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് പൊതുമാപ്പ് നല്‍കണമോ എന്ന് ചോദിച്ച്, മസ്‌ക് ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു.

നവംബർ 23 മുതൽ 24 വരെയായിരുന്നു ഉപയോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സർവേ സംഘടിപ്പിച്ചത്. ഏകദേശം 3 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 72.4 ശതമാനത്തിലധികം പേർ സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അക്കൗണ്ടുകൾ പുനസ്ഥാപിക്കുന്നത്.

'ജനങ്ങള്‍ സംസാരിച്ചു. പൊതുമാപ്പ് അടുത്തയാഴ്ച ആരംഭിക്കും. വോക്‌സ് പോപ്പുലി, വോക്‌സ് ഡീ' വോട്ടെടുപ്പിന് പിന്നാലെ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ഈ ലാറ്റിൻ വാക്കുകളുടെ അർഥം "ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്" എന്നാണ്.

2021 ജനുവരി 6-ന് യു.എസ് ക്യാപിറ്റോളിൽ നടന്ന കലാപത്തെത്തുടർന്ന് നിരോധിച്ച മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്ലാറ്റ്ഫോമില്‍ തിരികെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഉപയോക്താക്കളോട് ചോദിച്ച് നേരത്തെ മസ്‌ക് ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. നിരവധി ഉപയോക്താക്കള്‍ ഇതിന് അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടു വരികയും ചെയ്തു.

ഈ വർഷം ആദ്യം നിരോധിക്കപ്പെട്ട ജനപ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീനിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞദിവസം പുനഃസ്ഥാപിച്ചിരുന്നു. കൂടാതെ ജോർദാൻ പീറ്റേഴ്സണിന്റെയും ബാബിലോൺ ബീയുടെയും അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ അലക്‌സ് ജോൺസിനെ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതയെ മസ്‌ക് തള്ളിക്കളഞ്ഞു.

ആരുടെയൊക്കെ അക്കൗണ്ടുകൾ ഉടൻ ട്വിറ്ററിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ ട്വീറ്റിൽ വ്യക്തമല്ല. കങ്കണ റണാവത്ത്, അവരുടെ സഹോദരി രംഗോലി ചന്ദേൽ, അസീലിയ ബാങ്ക്സ്, ഗായകൻ അഭിജിത്ത് ഭട്ടാചാര്യ എന്നിവരും ട്വിറ്ററിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ചില പ്രമുഖ അക്കൗണ്ടുകളുടെ ഉടമകളാണ്‌.

പഴയ ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനുള്ള മസ്‌ക് താൽപ്പര്യം പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. ഒക്‌ടോബർ അവസാനം കമ്പനി ഔദ്യോഗികമായി ഏറ്റെടുത്തതിന് ശേഷം ചെറിയതും സംശയാസ്‌പദവുമായ കാരണങ്ങളാൽ സസ്പെൻഡ് ചെയ്യപ്പെട്ടവരെ ട്വിറ്റർ വിലക്കിൽനിന്നും മോചിപ്പിക്കുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.