ടെഹ്‌റാൻ: പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സർക്കാരിനെ വിമർശിച്ചതിന് ഇറാൻ ദേശീയ ഫുട്ബോൾ ടീമിൽ അംഗമായിരുന്ന വോറിയ ഗഫോറിയെ അറസ്റ്റ് ചെയ്തു. ദേശീയ ഫുട്ബോൾ ടീമിനെ അപമാനിച്ചതിനും സർക്കാരിനെതിരെ പ്രചരണം നടത്തിയതിനുമാണ് കുർദ്ദിഷ് വംശജനായ ഗഫോരിയെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ ഇറാനിൽ നടക്കുന്ന അടിച്ചമർത്തൽ നടപടികളെ യുഎൻ മനുഷ്യാവകാശ കൗൺസിൽ അപലപിച്ചു. കൂടാതെ ഇറാനെതിരെ ആരോപിക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിക്കാനും യുഎൻ മനുഷ്യാവകാശ കൗൺസിൽ തീരുമാനം എടുത്തു.
അതേസമയം ഖത്തറിലേക്കുള്ള ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട വോറിയ ഗഫോറിയെ അദ്ദേഹത്തിന്റെ പ്രാദേശിക ക്ലബ്ബായ ഫൂലാൻഡ് ഖുസെസ്താനിൽ ഒരു പരിശീലന പരിപാടിക്കിടയിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ക്ലബിന്റെ ചെയർമാൻ ഹമീദ്‌രേസ ഗർഷസ്ബി രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാനിയൻ അധികാരികൾക്കെതിരെ ഇപ്പോഴും തുറന്ന വിമർശനം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഗഫോറി. പുരുഷന്മാരുടെ ഫുട്ബോൾ മത്സരങ്ങൾ സ്ത്രീകൾ കാണുന്നതിന് ഏറെകാലമായി ഏർപ്പെടുത്തിയ വിലക്കിനെയും ഇറാന്റെ ചില വിദേശ നയങ്ങളെയും അദ്ദേഹം ശക്തമായി എതിർത്തിരുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത 22 കാരിയായ മഹ്സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതോടെയാണ് രാജ്യത്ത് പൊതുജന പ്രക്ഷോഭം ഉയർന്നു വന്നത്. യുവതിയുടെ കുടുംബത്തോട് ഗഫോറി സഹതാപം പ്രകടിപ്പിച്ചിരുന്നു. ഇതുവരെ 400 പേരുടെ മരണത്തിനിടയാക്കിയ, സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ നടപടികൾ അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
കുർദ്ദിഷുകൾക്ക് ഭൂരിപക്ഷമുള്ള പടിഞ്ഞാറൻ മേഖലയിലാണ് സർക്കാരിന്റെ അക്രമാസക്തമായ അടിച്ചമർത്തൽ നടപടികൾ കൂടുതൽ ശക്തമായിരിക്കുന്നത്. ഇറാനും വെയിൽസും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന് മുന്നോടിയായാണ് അറസ്റ്റ് നടന്നത്. ഗഫോരിയെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ സർക്കാരിനെതിരെയുള്ള വിമർശനങ്ങളാണോ എന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതിന് ഗഫോരിയെ കൂടാതെ മറ്റ് രണ്ട് മുൻ ഫുട്ബോൾ താരങ്ങളും അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോകകപ്പ് വേദിയിൽ ദേശീയഗാനം ആലപിക്കാതെ, ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളോട് ഇറാൻ ടീം പ്രതിഷേധിച്ചത് ആഗോള തലത്തിൽ തന്നെ വലിയൊരു വാർത്തയായിരുന്നു. കടുത്ത മതനിയമങ്ങളിൽ നിന്നുള്ള മോചനം ആവശ്യപ്പെട്ട് ഇറാനിൽ നടക്കുന്ന പ്രക്ഷോഭം ലോക ശ്രദ്ധയിൽ എത്തിക്കുവാൻ അവർക്ക് ഇതുവഴി കഴിയുകയും ചെയ്തു.
ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടന്ന ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഇറാനിയൻ റോക്ക് ക്ലൈമ്പർ, എൽനാസ് റെകാബി ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ചുകൊണ്ട് പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു. ഇറാനിലേക്ക് മടങ്ങിയെത്തിയപ്പോൾ പ്രതിഷേധക്കാരിൽ നിന്ന് അവർക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.
അതേസമയം, രാജ്യത്ത് ഇതുവരെ പ്രക്ഷോഭം തെല്ലും കെട്ടടങ്ങിയിട്ടില്ല. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യവും പോലീസും വെടിവെയ്പ്പ് ഉൾപ്പെടെയുള്ള അക്രമാസക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അക്രമത്തിന്റെ ഭൂരിഭാഗവും വീഡിയോയിൽ പകർത്തിയതായി മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി.
കലാപത്തിന്റെ തുടക്കം മുതൽ കുറഞ്ഞത് 442 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും 18,000 ത്തിലധികം പേർ തടവിലായതായും ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർ വിശദീകരിക്കുന്നുണ്ട്. വിഘടനവാദികളും മറ്റ് സായുധ സംഘങ്ങളും സുരക്ഷാ സേനയെ ആക്രമിച്ചതായി അധികാരികളും പരാതിപ്പെടുന്നുണ്ട്. കുറഞ്ഞത് 57 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവർത്തകർ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.