തീവ്രവാദ വിരുദ്ധ സെല്‍, ഏകീകൃത സിവില്‍കോഡ്; ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി

 തീവ്രവാദ വിരുദ്ധ സെല്‍, ഏകീകൃത സിവില്‍കോഡ്; ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് ഗാന്ധിനഗറില്‍ പ്രകടനപത്രിക പുറത്തിറക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍, ഗുജറാത്തിലെ ബി.ജെ.പി മേധാവി സി.ആര്‍ പട്ടീല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഗുജറാത്തില്‍ തീവ്രവാദ വിരുദ്ധ സെല്‍, ഏകീകൃത സിവില്‍ കോഡ്, 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള തീവ്രവാദ സംഘടനകളുടെയും ദേശവിരുദ്ധ ശക്തികളുടെ സ്‌ളീപ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയാണ് ആന്റി റാഡിക്കലൈസേഷന്‍ സെല്ലിന്റെ (തീവ്രവാദ വിരുദ്ധ സെല്‍) ലക്ഷ്യമെന്ന് ജെ.പി നദ്ദ വ്യക്തമാക്കി.

ഇന്ത്യാ-വിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കും. പൊതുമുതല്‍, സ്വകാര്യ മുതല്‍ എന്നിവ നശിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരും. ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി സ്ഥാപിക്കും 20,000 സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ വിദ്യാലയങ്ങളാക്കി മാറ്റും കാര്‍ഷിക വിപണിയുടെ വികസനത്തിനായി പതിനായിരം കോടി രൂപ വകയിരുത്തും ജലസേചന സൗകര്യങ്ങള്‍ക്കായി ഇരുപത്തയ്യായിരം കോടി രൂപ, ആയുഷ്മാന്‍ പദ്ധതിയുടെ കീഴില്‍ പത്ത് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, സംസ്ഥാനത്ത് മൂന്ന് മെഡിസിറ്റികളും രണ്ട് അത്യാധുനിക ആശുപത്രികളും നിര്‍മിക്കും. തൊഴിലാളികള്‍ക്കായി രണ്ട് ലക്ഷം രൂപവരെ ഈടില്ലാത്ത ശ്രമിക് ക്രെഡിറ്റ് കാര്‍ഡുകള്‍.

ഗാന്ധിനഗറിലെയും സൂറത്തിലെയും മെട്രോ ഇടനാഴികള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ ഉറപ്പാക്കുന്ന 110 കോടി രൂപയുടെ മുഖ്യമന്ത്രി സൗജന്യ ഡയഗ്നോസ്റ്റിക് പദ്ധതി. സംസ്ഥാനത്തെ 56 ഗോത്ര സബ് പ്ലാന്‍ താലൂക്കുകളിലുടനീളം മൊബൈല്‍ റേഷന്‍ ഡെലിവറി നടത്തുകയും ആദിവാസികളുടെ സര്‍വതോന്മുഖമായ സാമൂഹിക-സാമ്പത്തിക വികസനത്തിനായി വന്‍ബന്ധു കല്യാണ്‍ യോജന 2.0 പ്രകാരം ഒരു ലക്ഷം കോടി രൂപ ഉറപ്പാക്കുകയും ചെയ്യും.

കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകൃഷ്ണ പ്രതിമ ഉള്‍ക്കൊള്ളുന്ന ദേവഭൂമി ദ്വാരക ഇടനാഴി പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമായി സ്ഥാപിക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.