അമേരിക്കയിലെ വാള്‍മാര്‍ട്ട് വെടിവയ്പ്പ്: പ്രതി തോക്ക് വാങ്ങിയത് സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്

അമേരിക്കയിലെ വാള്‍മാര്‍ട്ട് വെടിവയ്പ്പ്: പ്രതി തോക്ക് വാങ്ങിയത് സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്

വാഷിങ്ടണ്‍: അമേരിക്കയിലെ വാള്‍മാര്‍ട്ടില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പില്‍ പ്രതി ആക്രമണത്തിന് ഉപയോഗിച്ച കൈത്തോക്ക് വാങ്ങിയത് സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പെന്ന് പോലീസ് റിപ്പോര്‍ട്ട്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രതി ഒരു പ്രാദേശിക വ്യാപാര സ്ഥാപനത്തില്‍ നിന്ന് നിയമാനുസൃതമാണ് തോക്ക് വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിര്‍ജീനിയ സംസ്ഥാനത്തെ ചെസാപീക്ക് എന്ന സ്ഥലത്ത് ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. രാത്രി ഷിഫ്റ്റ് ആരംഭിക്കുന്നതിനായി തൊഴിലാളികള്‍ സ്റ്റോര്‍ റൂമില്‍ ഒത്തുകൂടിയപ്പോഴാണ് മാനേജരായ ബിങ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചത്. ജീവനക്കാരായ ആറു പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 31 വയസുകാരനായ പ്രതിയും സ്വയം വെടിയുതിര്‍ത്തു.

വെടിവയ്പ്പിനുള്ള കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ മരണക്കുറിപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു, അതില്‍ തന്നെ കളിയാക്കിയ ചില സഹപ്രവര്‍ത്തകര്‍ക്കെതിരെ പ്രതി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

'താന്‍ ചെയ്യാന്‍ പോകുന്ന കാര്യത്തിന് ദൈവം എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച കൊളറാഡോയിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനു മുന്‍പ് 2019-ല്‍ ടെക്സാസിലെ വാള്‍മാര്‍ട്ടില്‍ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.21 വയസുകാരനാണ് കൂട്ടക്കൊല നടത്തിയത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ തോക്ക് നിയമങ്ങള്‍ അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജനുവരിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് തോക്ക് നിയന്ത്രണത്തിനു ശ്രമിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.