സ്പെയിനുമായി സമനില പിടിച്ച ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം പരുങ്ങലില്‍

സ്പെയിനുമായി സമനില പിടിച്ച ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം പരുങ്ങലില്‍

ദോഹ:  പ്രീക്വാര്‍ട്ടറിലെ  പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് സമനില പിടിച്ചുവാങ്ങി ജര്‍മ്മനി. അവസാന വിസില്‍ വരെ ശൗര്യത്തോടെ മുന്നേറിയ ഇരു ടീമുകളും കാല്‍പ്പന്തുകളിലുടെ ഏറ്റവും മനോഹരമായ നിമഷങ്ങളാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിച്ചത്. മരണ ഗ്രൂപ്പിലെ മരണപ്പോരില്‍ സ്‌പെയിനും ജര്‍മനിയും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. സ്‌പെയിന് വേണ്ടി അല്‍വാരോ മൊറാട്ടയും ജര്‍മനിക്കായി ഫുള്‍ക്രഗും ഗോളുകള്‍ നേടി. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ജര്‍മനി സമനിലയോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ പരുങ്ങലിലായി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സ്പെയിന്‍ സ്വതസിദ്ധമായ ശൈലിയില്‍ പാസിങ്ങുകളിലൂടെ കളം നിറഞ്ഞു. ഏഴാം മിനിറ്റില്‍ ഡാനി ഓല്‍മോയുടെ തകര്‍പ്പന്‍ ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ തട്ടിയെങ്കിലും പന്ത് ക്രോസ്ബാറിലും പോസ്റ്റിലുമിടിച്ച് തെറിച്ചു. പിന്നാലെ ജര്‍മനിയുടെ വക മികച്ചൊരു മുന്നേറ്റം നടന്നു. പക്ഷേ ജര്‍മന്‍ താരം നാബ്രിയുടെ അപകടകരമായ നീക്കം സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ രക്ഷപ്പെടുത്തി.

22-ാം മിനിറ്റില്‍ സ്പെയിനിന്റെ ജോര്‍ഡി ആല്‍ബയുടെ ലോങ്റേഞ്ചര്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 33-ാം മിനിറ്റില്‍ സ്പെയിന്റെ ഫെറാന്‍ ടോറസിന് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ റഫറി ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ത്തി.

40-ാം മിനിറ്റില്‍ സ്പെയിനിനെ ഞെട്ടിച്ചുകൊണ്ട് ജര്‍മന്‍ പ്രതിരോധതാരം ആന്റോണിയോ റൂഡിഗര്‍ സ്പാനിഷ് വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു. ഇതോടെ ഗോള്‍ അസാധുവായി. വൈകാതെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. 56-ാം മിനിറ്റില്‍ ജര്‍മനിയുടെ ജോഷ്വ കിമ്മിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തട്ടിയകറ്റി. എന്നാല്‍ ജര്‍മന്‍ മതിലില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് പകരക്കാരനായി വന്ന ആല്‍വാരോ മൊറാട്ട സ്പെയിനിനായി വലകുലുക്കി. മത്സരത്തിന്റെ 62-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളിക്കാന്‍ മൊറാട്ടയ്ക്ക് സാധിച്ചു.

ഗോള്‍ വഴങ്ങിയതോടെ ലിറോയ് സാനെയും ഫുള്‍ക്രഗിനെ ഉള്‍പ്പെടെ ഇറക്കി ഹാന്‍സി ഫലിക്ക് കാടിളക്കിയുള്ള ജര്‍മന്‍ ആക്രമണത്തിനുള്ള അരങ്ങൊരുക്കി. പിന്നെ കളത്തില്‍ കണ്ടത് അതുവരെ കാണാത്ത ഒരു പീരങ്കിപ്പടയെ ആയിരുന്നു. സ്പാനിഷ് താരങ്ങളെ വട്ടം കറക്കി മൂസിയാല നല്‍കിയ ക്രോസിലേക്ക് ഫുള്‍ക്രുഗിന് കാലെത്തിക്കാനായില്ല.

ബയേണ്‍ താരം മൂസിയാലയുടെ എണ്ണം പറഞ്ഞൊരു ഷോട്ട് സിമോണ്‍ കുത്തിയകറ്റുകയും ചെയ്തു. പക്ഷേ, സബ്സ്റ്റിറ്റിയൂഷന്‍ കളിയില്‍ വീണ്ടും വ്യത്യാസമുണ്ടാക്കി. സ്പാനിഷ് പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത ഫുള്‍ക്രുഗിന്റെ പവര്‍ ഷോട്ടിന് സിമോണിന് മറുപടിയുണ്ടായിരുന്നില്ല.ഇഞ്ചുറി സമയത്ത് വിജയ ഗോളിനായി ജര്‍മനി ആവും വിധം ശ്രമിച്ച് നോക്കിയെങ്കിലും കാല്‍പ്പന്ത് കളിയുടെ സൗന്ദര്യം ഒട്ടും ചോരാത്ത ഒരു സമനിലയില്‍ കളിയുടെ അവസാന വിസില്‍ ഒടുവില്‍ മുഴങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.