ബ്രസല്‍സ്: ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ മൊറോക്കോയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപസമാനമായ അന്തരീക്ഷം. മത്സരം പൂര്‍ത്തിയായതോടെ പ്രകോപിതരായ ബെല്‍ജിയം ആരാധകര്‍ നഗരത്തില്‍ അഴിഞ്ഞാടി. വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
അക്രമികള്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.
ഇന്നലെ ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരങ്ങളിലൊന്നിലാണ് മൊറോക്കോ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ആഫ്രിക്കന്‍ സംഘത്തിന്റെ വിജയം. ഇതിനു പിന്നാലെയാണ് ബ്രസല്‍സില്‍ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും അരങ്ങേറിയത്. തെരുവുകള്‍ കീഴടക്കിയ അക്രമികള്‍ കാറുകള്‍ തകര്‍ത്തും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അഗ്‌നിക്കിരയാക്കിയും അഴിഞ്ഞാടി. നഗരത്തില്‍ വ്യാപകമായി കല്ലേറുമുണ്ടായി.
രോഷാകുലരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കേണ്ടിവന്നു. ഫുട്‌ബോള്‍ ആരാധകര്‍ പലതവണ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പത്തിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബ്രസല്‍സില്‍ പ്രധാന കേന്ദ്രങ്ങള്‍ പൊലീസ് അടച്ചിട്ടിരിക്കുകയാണ്. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്റ്റേഷനുകള്‍കൂടി സീല്‍ ചെയ്തു. സബ് വേകള്‍ അടച്ചിടുകയും ട്രാം ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ജനക്കൂട്ടം പടക്കം പൊട്ടിക്കുന്നതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന് മുഖത്ത് പരിക്കേറ്റു. അക്രമം നിയന്ത്രണ വിധേയമാകുന്നതുവരെ നഗരമധ്യത്തിലേക്ക് ആരും വരരുതെന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ് ക്ലോസ് മുന്നറിയിപ്പ് നല്‍കി.
തകര്‍പ്പന്‍ അട്ടിമറിക്കാണ് മൊറോക്കോ - ബെല്‍ജിയം മത്സരം സാക്ഷിയായത്. ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരുമായ ബെല്‍ജിയത്തെ 2-0 ത്തിനാണ് മൊറോക്കോ കീഴടക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.