ഓസ്‌ട്രേലിയയിൽ മുവാറ്റുപുഴ സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

ഓസ്‌ട്രേലിയയിൽ മുവാറ്റുപുഴ സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു

ബ്രിസ്ബൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിന് സമീപം സൺഷൈൻ കോസ്റ്റിലെ ഗാർഡ്നർ വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട് മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. മുവാറ്റുപുഴ സ്വദേശി എബിൻ ഫിലിപ്പ് (24) ആണ് മരിച്ചത്. ഓസ്‌ട്രേലിയൻ സമയം തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം.

സൺഷൈൻ കോസ്റ്റിലെ കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രധിനിധി ആയിരുന്നു എബിൻ. ഉപരി പഠനത്തിനായി 2018 ലാണ് ഓസ്‌ട്രേലിയയിൽ എത്തിയത്. സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു എബിൻ.


പ്രസിദ്ധ വിനോദ കേന്ദ്രമായ സൺഷൈൻ കോസ്റ്റിലെ ഗാർഡ്നർ ഫാൾസ് കാണാൻ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു എബിൻ. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും എബിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


രക്ഷാപ്രവർത്തകർ എത്തിയപ്പോൾ

വെള്ളച്ചാട്ടത്തിലേക്ക് കയറിലൂടെ ഊർന്നിറങ്ങിയ ശേഷമാണ് എബിനെ കാണാതായതെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സംശയാസ്പദകമായ സാഹചര്യമില്ലെന്ന് ക്വീൻസ്ലാൻറ് പോലീസ് വ്യക്തമാക്കി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു എബിൻ.


എബിൻ മുങ്ങിമരിച്ച സ്ഥലം

കഴിഞ്ഞ നാലു വർഷത്തിനിടെ ഗാർഡ്നർ വെള്ളച്ചാട്ടത്തിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2021 ജനുവരിയിൽ 40 വയസ്സുള്ള നേപ്പാൾ സ്വദേശിയും 2019 ൽ അതേ പ്രദേശത്ത് നിന്ന് 15 വയസുകാരനും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് സൺഷൈൻ കോസ്റ്റ് കൗൺസിൽ നീന്തൻ എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകി.

വെള്ളച്ചാട്ടം സന്ദർശിക്കുന്നവർ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും ഓൺസൈറ്റ് സുരക്ഷാ സൂചനകൾ പാലിക്കാനും അഭ്യർത്ഥിക്കുന്നുവെന്ന് സൺഷൈൻ കോസ്റ്റ് കൗൺസിൽ വക്താവ് പറഞ്ഞു.


ഓസ്‌ട്രേലിയയിലെ തീരങ്ങളില്‍ മുങ്ങിമരിക്കുന്നതില്‍ പകുതിയും കുടിയേറിയെത്തിയവരാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മുങ്ങിമരണങ്ങളില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ഇന്ത്യാക്കാരാണ്. ഇതിൽ പല മലയാളി രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.