ജയ്പുര്‍: അശോക് ഗെലോട്ടിന്റെ 'ചതിയന്‍' പരാമര്‍ശം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സൃഷ്ടിച്ച അലയടികള്‍ക്ക് താല്‍കാലിക വിരാമം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തി തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ നാലിന് രാജസ്ഥാനിലേക്ക് പ്രവേശിക്കാനിരിക്കെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ഇരുവരും കൈകൊടുത്ത് ഒറ്റക്കെട്ടാണെന്ന് അറിയിച്ചത്. പാര്‍ട്ടിയാണ് എല്ലാത്തിനും മീതെയെന്നും അതിനെ മുന്നോട്ടുകൊണ്ടു പോകുന്നതിനും അതിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗെലോട്ട് പറഞ്ഞു.
പരമാവധി ആവേശത്തോടെയും ഊര്‍ജത്തോടെയും രാഹുല്‍ ഗാന്ധിയുടെ യാത്രയെ രാജസ്ഥാനിലേക്ക് സ്വാഗതം ചെയ്യുമെന്ന് സച്ചിന്‍ പൈലറ്റും വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ ഏകോപനം സംബന്ധിച്ച് ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗത്തിനെത്തിയതാണ് ഇരുവരും. യോഗത്തിനെത്തിയ ഗെലോട്ടും പൈലറ്റും പരസ്പരം കെകൂപ്പി അഭിവാദ്യം ചെയ്തു.
12 ദിവസമാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പര്യടനം നടത്തുക. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം യാത്രയെ ബാധിക്കുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം കെ.സി. വേണുഗോപാലിനെ രാജസ്ഥാനിലേക്കയച്ചത്. വാര്‍ത്താസമ്മേളനത്തിന് ശേഷം വേണുഗോപാല്‍ ഇരുനേതാക്കളുടേയും കൈകള്‍ കോര്‍ത്ത് ഉയര്‍ത്തി നില്‍ക്കുന്ന ചിത്രവും പുറത്തെത്തിയിട്ടുണ്ട്.
സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും വഞ്ചകന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നുമായിരുന്നു ഒരു ചാനല്‍ അഭിമുഖത്തിനിടെ ഗെലോട്ട് പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.