ഇംഗ്ലണ്ടിലും വെയിൽസിലും ഇനിമുതൽ ക്രിസ്ത്യാനികൾ ന്യൂനപക്ഷം; മുസ്ലിം ജനതയ്ക്കും മതമില്ലാത്തവർക്കും കുത്തനെയുള്ള വളർച്ച: ആശങ്കയുളവാക്കുന്ന പുതിയ സെൻസസ് റിപ്പോർട്ട്

ഇംഗ്ലണ്ടിലും വെയിൽസിലും ഇനിമുതൽ ക്രിസ്ത്യാനികൾ ന്യൂനപക്ഷം; മുസ്ലിം ജനതയ്ക്കും മതമില്ലാത്തവർക്കും കുത്തനെയുള്ള വളർച്ച: ആശങ്കയുളവാക്കുന്ന പുതിയ സെൻസസ് റിപ്പോർട്ട്

ലണ്ടൻ: സെൻസസ് ചരിത്രത്തിൽ ആദ്യമായി ബ്രിട്ടന്റെ ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളതെന്ന് വെളിപ്പെടുത്തി സർക്കാർ കണക്കുകൾ. 2021 ലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) ഫലങ്ങൾ പ്രകാരം ക്രിസ്ത്യാനികളുടെ എണ്ണത്തിൽ 5.8 ദശലക്ഷം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജനസംഖ്യയുടെ 46.2 ശതമാനം (27.5 ദശലക്ഷം ആളുകൾ) മാത്രമാണ് രാജ്യത്ത് ക്രൈസ്തവർ.

2011 ലെ സർവേയിൽ ബ്രിട്ടന്റെ 59.3 ശതമാനം ആളുകൾ (33.3 ദശലക്ഷം ആളുകൾ) ക്രിസ്തുമത വിശ്വാസികളായിരുന്നു. പത്ത് വർഷത്തിനിടെ 13.1 ശതമാനം കുറവാണ് ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ക്രിസ്തുമതം ഒഴികെയുള്ള എല്ലാ പ്രധാന മതങ്ങളിലും ഉള്ള ആളുകളുടെ എണ്ണം ഈ കാലയളവിൽ വർദ്ധിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.

ഡാറ്റകൾ പ്രകാരം 2011നും 2021 ഇടയിൽ ഏറ്റവും കൂടുതൽ വളർന്നത് മുസ്ലിം മതമാണ്. ഇസ്ലാം മതം പിന്തുടരുന്നവരുടെ എണ്ണത്തിൽ 1.2 ദശലക്ഷം വർദ്ധനവും ഉണ്ടായി. 4.9 ശതമാനത്തിൽ നിന്ന് 6.5 ശതമാനമാട്ടാണ് മുസ്ലീം ജനസംഖ്യ വളർന്നത്. കൂടാതെ സിഖ് ജനസംഖ്യ 0.8 ശതമാനത്തിൽ നിന്ന് 0.9 ശതമാനമായും (4,23,000 നിന്നും 5,24,000 ആയി), ബുദ്ധമതക്കാരുടെ എണ്ണം 0.4 ശതമാനത്തിൽ നിന്ന് 0.5 ശതമാനമായി ഉയർന്നു (2,49,000 നിന്നും 2,73,000 ആയി) വർധിച്ചു.

ഹിന്ദുമത വിശ്വാസികളാകട്ടെ 8,18,000 നിന്നും 1 ദശലക്ഷം വരെ (1.5 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി) വളർന്നു. ജൂത ജനസംഖ്യ 2,65,000 ൽ നിന്ന് 2,71,000 ആയി വർധിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. മാത്രമല്ല ഒരു മതത്തിലും വിശാസിക്കാത്തവരുടെ എണ്ണം പത്ത് വർഷത്തിനിടെ 14.1 ദശലക്ഷം ജനങ്ങളിൽ നിന്നും (25.2 ശതമാനം) 22.2 ദശലക്ഷം പേരായി (37.2 ശതമാനം) വർദ്ധിച്ചു.


കൂടാതെ വെള്ളക്കാരുടെ ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിലും മതമില്ലാത്തവരുടെ വലിയ അനുപാതമുണ്ട്. തെക്കൻ വെയിൽസിലെ കേർഫിലി, ബ്ലെനൗ ഗ്വെന്റ്, റോണ്ട സൈനോൺ ടാഫ്, ഇംഗ്ലണ്ടിലെ ബ്രൈറ്റൺ ആൻഡ് ഹോവ്, നോർവിച്ച് എന്നിവയായിരുന്നു തങ്ങൾക്ക് മതമില്ലെന്ന് പറയുന്ന ഏറ്റവും കൂടുതൽ ആളുകൾ ഉള്ള സ്ഥലങ്ങൾ.

ബ്രിസ്റ്റോൾ, ഈസ്റ്റ് സസെക്സിലെ ഹേസ്റ്റിംഗ്സ്, നോട്ടിംഗ്ഹാംഷെയറിലെ ആഷ്ഫീൽഡ് എന്നിവയുൾപ്പെടെ പകുതിയിലധികം ജനസംഖ്യയും മതവിശ്വാസമില്ലാത്ത 11 പ്രദേശങ്ങളിൽ ഉൾപ്പെടുന്നു, അവയിൽ മിക്കതും താരതമ്യേന കുറഞ്ഞ വംശീയ ന്യൂനപക്ഷ ജനസംഖ്യയുള്ളവയാണ്. ഏറ്റവും കുറവ് അവിശ്വാസികൾ ഉള്ള സ്ഥലങ്ങൾ ഹാരോ, റെഡ്ബ്രിഡ്ജ്, സ്ലോ എന്നിവയായിരുന്നു, അവിടെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ന്യൂനപക്ഷ വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്.

കൂടാതെ ലെസ്റ്ററും ബർമിംഗ്ഹാമും പുതിയ യുഗത്തിലെ "ന്യൂനപക്ഷ ഭൂരിപക്ഷമുള്ള" ആദ്യത്തെ ബ്രിട്ടൻ നഗരങ്ങളായി മാറിയെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2021 മാർച്ച് 21-ന് നടന്ന സെൻസസിൽ ഒത്തുകൂടിയ 60 ദശലക്ഷത്തോളം ആളുകളുടെ വംശീയത, മതം, ഭാഷ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളിൽ മതത്തിലെ മാന്ദ്യവും ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ നഗരങ്ങളിലും സംയോജിത ഭൂരിപക്ഷമായി ന്യൂനപക്ഷ വംശീയ ജനസംഖ്യയുടെ ആവിർഭാവവും വെളിപ്പെട്ടു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും 2011 മുതൽ 2021 വരെയുള്ള മതപരമായ ഘടന

"മതമില്ല" എന്ന് റിപ്പോർട്ട് ചെയ്യുന്ന ജനസംഖ്യയുടെ ശതമാനം വർദ്ധിച്ചു


ദേശീയ സ്ഥിതിവിവരക്കണക്കുകൾക്കായി വാർദ്ധക്യം, പ്രത്യുൽപാദനക്ഷമത, മരണനിരക്ക്, കുടിയേറ്റം എന്നിവയുടെ വ്യത്യസ്ത മാതൃകകൾ രാജ്യങ്ങളുടെ മതപരമായ രൂപരേഖയിലെ മാറ്റത്തിന് സാധ്യമായ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബ്രിട്ടനിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നത് വലിയ അത്ഭുതമല്ലെങ്കിലും ക്രിസ്തുമതം ഭൂമിയിലെ ഏറ്റവും വലിയ പ്രസ്ഥാനമാണെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണെന്നും സർവേയോട് പ്രതികരിച്ചുകൊണ്ട് യോർക്ക് ആർച്ച് ബിഷപ്പ്, മോസ്റ്റ് റവ. സ്റ്റീഫൻ കോട്രെൽ പറഞ്ഞു. സർവേ ദൈവം ഭൂമിയിൽ തന്റെ രാജ്യം പണിയുമെന്ന് വിശ്വസിക്കാൻ മാത്രമല്ല, ക്രിസ്തുവിനെ അറിയിക്കുന്നതിലും നമ്മുടെ പങ്ക് വഹിക്കാനുള്ള വെല്ലുവിളിയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഉൾപ്പെടെ മതേതര സമൂഹത്തിൽ ക്രിസ്തുമതം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് വ്യക്തമക്കി. മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഈ ശീതകാലത്തിൽ രാജ്യത്തുടനീളമുള്ള ആവശ്യക്കാരായ ആളുകൾ അവരുടെ പ്രാദേശിക സഭയിലേക്ക് എത്തുന്നുണ്ട്. ആത്മീയ പ്രത്യാശയ് മാത്രമല്ല, പ്രായോഗിക സഹായങ്ങൾ തേടിയും ജനങ്ങൾ എത്തുന്നുണ്ടെന്ന് ആർച്ച് ബിഷപ്പ് കോട്രെൽ വിശദീകരിച്ചു.

2011 ലെ സെൻസസിലെ സമാനമായ കണക്കുകകളായിരുന്നു കാണിച്ചിരുന്നത്. ബ്രിട്ടനില്‍ ക്രിസ്ത്യാനികൾ കുറയുകയും മുസ്ലീങ്ങളുടെയും നിരീശ്വര വാദികളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നതായാണ് അന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. 2001 നും 2011 നും ഇടയിൽ ബ്രിട്ടനില്‍ 15 ശതമാനത്തിന്റെ കുറവാണ് ക്രിസ്ത്യന്‍ വിശ്വാസികളില്‍ ഉണ്ടായത്.



5.3 ദശലക്ഷം ആളുകള്‍ മാത്രമാണ് സ്വയം ക്രിസ്ത്യാനികളാണെന്ന് വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 4.1 ദശ ലക്ഷം കുറവുണ്ടായതായും കണ്ടെത്തി. എന്നാല്‍ ഈ സാഹചര്യത്തില്‍ മുസ്ലീംവിശ്വാസികളുടെ എണ്ണം 75 ശതമാനമായി ഉയര്‍ന്നു. വിദേശികളായ വിശ്വാസികളാണ് മുസ്ലീ വിശ്വാസക്കാരില്‍ ഏറെയും.

ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുത്തനെയുള്ള കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ ബ്രിട്ടനില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. ഒരു ദശാബ്‌ദത്തിനിടയിൽ 6.5 ദശ ലക്ഷം ആളുകളുടെ വർധനവാണ് നിരീശ്വര വാദികളുടെ ഇടയിൽ ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.