ഇക്വഡോറിനെ വീഴ്ത്തി സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍

ഇക്വഡോറിനെ വീഴ്ത്തി സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ഇക്വഡോറിന്റെ പ്രീ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ തല്ലിക്കെടുത്തി ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗല്‍. വിജയം അനിവാര്യമായ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാനം നേടി സെനഗല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശിച്ചു. മൂന്ന് കളിയില്‍ നിന്ന് നാല് പോയന്റുള്ള ഇക്വഡോര്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.

ഇസ്മാലിയ സാറിലൂടെ സെനഗല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി ആദ്യ ഗോളടിച്ചെങ്കിലും രണ്ടാം പകുതിയില്‍ മോയ്സസ് സൈസെഡോയിലൂടെ സമനില നേടി ഇക്വഡോര്‍ തിരിച്ചടിച്ചു. ഇക്വഡോറിന് വിജയത്തേക്കാള്‍ വില വരുന്ന സമനില ഗോളായിരുന്നു അത്. എന്നാല്‍ അതിന് വെറും മൂന്ന് മിനിറ്റേ ആയുസുണ്ടായിരുന്നുള്ളു. സൂപ്പര്‍ താരം കലിദോ കൗലിബാലിയുടെ മനോഹരമായ ഗോള്‍ സെനഗലിന്റെ വിജയം ഉറപ്പിച്ചു. പിന്നീട് ഫൈനല്‍ വിസിലെന്ന ചടങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളു.

സെനഗലിന്റെ രണ്ടാം ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനമാണിത്. കൊറിയയിലും ജപ്പാനിലുമായി 2002 ല്‍ നടന്ന ലോകകപ്പിലാണ് ഇതിനു മുന്‍പ് സെനഗല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി തോല്‍വി അറിയാതെ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടില്‍ പ്രവേശിച്ചത്. പിന്നീട് കഴിഞ്ഞ വേള്‍ഡ് കപ്പില്‍ സെനഗല്‍ യോഗ്യത നേടിയെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.