നൈജീരിയന്‍ കസ്റ്റഡിയിലുള്ള നാവികര്‍ കൂടുതല്‍ ദുരിതത്തില്‍: സംഘാംഗങ്ങള്‍ക്ക് മലേറിയ; ഫോണ്‍ ബന്ധവും നിലച്ചു

നൈജീരിയന്‍ കസ്റ്റഡിയിലുള്ള നാവികര്‍ കൂടുതല്‍ ദുരിതത്തില്‍: സംഘാംഗങ്ങള്‍ക്ക് മലേറിയ; ഫോണ്‍ ബന്ധവും നിലച്ചു

ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തി ലംഘിച്ചെന്ന കുറ്റം ആരോപിച്ച് നൈജീരിയയില്‍ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതല്‍ ദുരിതത്തിലെന്ന് വിവരങ്ങള്‍. സംഘാംഗങ്ങള്‍ക്ക് മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെട്ടതായാണ് റിപ്പോര്‍ട്ട്. അവസാനം വിളിച്ചപ്പോള്‍ മലേറിയ ബാധിച്ചെന്ന വിവരം നാവികരില്‍ പലരും വീട്ടുകാരെ അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നാവികര്‍ പറയുന്നു.

രണ്ട് മലയാളികളും 10 വിദേശികളുമടക്കം 26 നാവികരാണ് തടവിലുള്ളത്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ നിലമേല്‍ സ്വദേശിയായ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ഇന്നേക്ക് ആറു ദിവസം പിന്നിടുന്നു. വിജിത്തിനും മലേറിയ ബാധിച്ചതായാണ് അവസാനം വിളിച്ചപ്പോള്‍ വീട്ടുകാരെ അറിയിച്ചത്.

ഗിനിയന്‍ സേനയുടെ നിയന്ത്രണത്തില്‍ ആയിരുന്നപ്പോള്‍ സംഘാംഗങ്ങള്‍ക്ക് എല്ലാദിവസവും വീട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണം നൈജീരിയന്‍ നാവികസേന ഏറ്റെടുത്തതോടെ ഫോണുകള്‍ പോലും നല്‍കുന്നില്ല. ആഴ്ച്ചയിലൊരിക്കല്‍ അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാന്‍ നല്‍കുന്നത്. വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയുമൊക്കെ നാവികരുടെ മോചനത്തിനായി ആവുന്നത് ചെയ്യുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. നിലവില്‍ നൈജീരിയന്‍ നിയന്ത്രണത്തില്‍ കപ്പലില്‍ ജോലി തുടരുകയാണ് നാവിക സംഘം.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരം ഗിനിയന്‍ നേവി കപ്പല്‍ കസ്റ്റഡിയിലെടുത്തത്. നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയതായിരുന്നു കപ്പല്‍. ടെര്‍മിനലില്‍ ഊഴംകാത്ത് നില്‍ക്കുന്നതിനിടെ ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കടല്‍കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ ഉടന്‍ മാറ്റി. ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് വന്നത് സൈന്യമാണെന്ന് അറിയുന്നത്.

ക്രൂഡ് ഓയില്‍ മോഷണത്തിന് വന്ന കപ്പല്‍ എന്ന രീതിയിലായിരുന്നു അന്വേഷണം. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി അത് നല്‍കിയതോടെ മോചനം സാധ്യമായെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജീവനക്കാരെയും കപ്പലിനെയും ഗിനിയന്‍ നേവി നൈജീരിയയ്ക്ക് കൈമാറുകയാണുണ്ടായത്. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയെന്നും പിന്നീട് മടക്കി കപ്പലില്‍ എത്തിച്ചെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നാവികരുടെ മോചനത്തിനായുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാരും എംബസിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.