ഗുജറാത്തില്‍ ഇന്ന് ആദ്യഘട്ട പോളിംഗ്; 89 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ഗുജറാത്തില്‍ ഇന്ന് ആദ്യഘട്ട പോളിംഗ്; 89 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

അഹമ്മദാബാദ്: ​ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ 89 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട വേട്ടെടുപ്പ് ഇന്ന്. 19 ജില്ലകളിൽ നിന്നായി 788 സ്ഥാനാർഥികളാണു രംഗത്തുള്ളത്. രാവിലെ എട്ടുമണിയോടെ വോട്ടെടുപ്പ് ആരംഭിക്കും.

സൗരാഷ്ട്ര കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുന്നത്. തൂക്കുപാലം തകർന്നു ദുരന്തം ഉണ്ടായ മോർബി മണ്ഡലം ഉൾപ്പടെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങൾ ആദ്യഘട്ടത്തിലുണ്ട്. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്.

48 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സൗരാഷ്ട്രയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജീവന്‍മരണ പോരാട്ടമാണ്. 2017ല്‍ സൗരാഷ്ട്ര–കച്ച് മേഖലയില്‍ കോണ്‍ഗ്രസ് 30 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 23 സീറ്റുകള്‍ നേടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് 7710 കോടി രൂപയുടെ വികസന പദ്ധതികളാണ് സൗരാഷ്ട്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാര്‍ട്ടി പരാജയപ്പെട്ട മേഖലകളിൽ‍ ഇത്തവണ പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. 

കോൺഗ്രസ് സംസ്ഥാനത്ത് 125 സീറ്റ് നേടുമെന്നാണ് പിസിസി പ്രസിഡന്റ്  ജഗദീഷ് ഠാക്കൂർ പറഞ്ഞു. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ. ആംആദ്മി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേൽ സമര നേതാക്കൾ അൽപേഷ് കത്തരിയ, ധർമിക് മാൽവ്യ എന്നിവരുടെ മണ്ഡലങ്ങൾ ദക്ഷിണ ഗുജറാത്തിലാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാ‌ഥി ഇസുദാൻ ഗാഡ്‍വിയുടെ മണ്ഡലവും ആദ്യഘട്ടത്തിലാണ്.  

കോൺഗ്രിനായി മുൻ പ്രതിപക്ഷ നേതാക്കളായ അർജുൻ മോദ്‍വാദിയ, പരേഷ് ധാനാനി എന്നിവരും ഇന്ന് ജനവിധി തേടും. ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഗ്വി , ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ തുടങ്ങീ ബിജെപി സ്ഥാനാർഥികളും ആദ്യഘട്ടത്തിൽ ജനവിധി തേടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.