എതിരില്ലാത്ത മൂന്ന് ഗോളുകള്‍; സെനഗലിനെ കീഴടക്കി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

എതിരില്ലാത്ത മൂന്ന് ഗോളുകള്‍; സെനഗലിനെ കീഴടക്കി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ദോഹ: സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഫ്രാന്‍സാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഹാരി കെയ്ന്‍, ബുക്കായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിനു വേണ്ടി ഗോള്‍ നേടിയത്. ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില്‍ പകച്ചുപോയ ആഫ്രിക്കന്‍ രാജാക്കന്‍മാര്‍ക്ക് ഇതോടെ ഖത്തറില്‍ നിന്ന് കണ്ണീര്‍ മടക്കമായി.

4-3-3 ശൈലിയില്‍ ബുക്കായോ സാക്ക, ഹാരി കെയ്ന്‍, ഫില്‍ ഫോഡന്‍ എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് ഗാരെത് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തിയത്. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഡെക്ലൈന്‍ റൈസ്, ജൂഡ് ബെല്ലിംഗ്ഹാം എന്നിവര്‍ മധ്യനിരയിലും കെയ്ല്‍ വോക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, ഹാരി മഗ്വെയ്ര്‍, ലൂക്ക് ഷോ എന്നിവര്‍ പ്രതിരോധത്തിലുമെത്തി.

ജോര്‍ദന്‍ പിക്‌ഫോര്‍ഡായിരുന്നു ഗോളി. വെയ്ല്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളടിച്ച മാര്‍ക്കസ് റാഷ്‌ഫോഡിന്റെ സ്ഥാനം പകരക്കാരുടെ നിരയിലായിരുന്നു. ഒപ്പം ജാക്ക് ഗ്രീലിഷും മേസന്‍ മൗണ്ടും ബഞ്ചിലുണ്ടായിരുന്നു.

മറുവശത്ത് അലിയോ സിസെ സെനഗലിനെ 4-2-3-1 ഫോര്‍മേഷനില്‍ കളത്തിലിറക്കിയപ്പോള്‍ ബുലേ ദിയയായിരുന്നു സ്‌ട്രൈക്കര്‍. ഇസ്‌മൈല സാര്‍, ഇലിമാന്‍ ദ്യായെ, ക്രേപിന്‍ ദ്യാത്ത എന്നിവരായിരുന്നു തൊട്ടുപിന്നില്‍. എഡ്വര്‍ഡ് മെന്‍ഡിയായിരുന്നു ഗോള്‍ബാറിന് കാവല്‍ക്കാരന്‍.

38-ാം മിനുറ്റില്‍ വീണ ഗോളിലൂടെയാണ് ഇംഗ്ലണ്ട് ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങിയത്. അതുവരെ ആക്രമണത്തിന് മൂര്‍ച്ച പോരായിരുന്നു. ബെല്ലിംഗ്ഹാമിന്റെ അസിസ്റ്റില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിനായി ആദ്യം വല കുലുക്കിയത്. ഇഞ്ചുറിടൈമില്‍(45+3) ഫോഡന്റെ അസിസ്റ്റില്‍ ഹാരി കെയ്ന്‍ ടീമിന്റെ ലീഡ് രണ്ടാക്കിയുയര്‍ത്തി.

രണ്ടാംപകുതിയും ഇംഗ്ലണ്ടിന്റെ സ്വന്തമായിരുന്നു. 57-ാം മിനുറ്റില്‍ ഫോഡന്റെ നീക്കത്തിനൊടുവില്‍ ബുക്കായോ സാക്കയുടെ ഫിനിഷിംങിന് മുന്നില്‍ മെന്‍ഡിക്ക് ഉത്തരമുണ്ടായിരുന്നില്ല. മൂന്ന് ഗോള്‍ വഴങ്ങിയതോടെ പിന്നീടൊരു തിരിച്ചുവരവ് സെനഗലിന് സാധ്യമായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.