കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയില്‍; സംഘടനാതല അഴിച്ചുപണിയുണ്ടാകും

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയില്‍; സംഘടനാതല അഴിച്ചുപണിയുണ്ടാകും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരിയില്‍ ചേരും. സംഘടനാതല അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടത് അംഗീകരിക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മൂന്നു ദിവസത്തെ പ്ലീനറി സമ്മേളനം ഛത്തീസ്ഗഢിലെ റായ്പുരിലാകും ചേരുക. കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനമാണ് ഇത്. പുതിയ പ്രവര്‍ത്തകസമിതിയെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിനു സമാനമായി പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പിന് സാധ്യതയുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജനുവരി അവസാനം വരെ തുടരുന്നതിനാലാണ് പ്ലീനറി ഫെബ്രുവരിയിലേക്ക് മാറ്റിയത്. ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി ജോഡോ യാത്ര വിജയകരമെന്ന് വിലയിരുത്തി. പൂര്‍ണ സമയവും യാത്രയില്‍ ആയതിനാല്‍ രാഹുല്‍ ഗാന്ധി ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കുക പ്രായോഗികമല്ലെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു.

യാത്രയുടെ തുടര്‍ച്ചയായി ജനുവരി 26 മുതല്‍ മാര്‍ച്ച് 26 വരെ 'ഹാഥ് സെ ഹാഥ് ജോഡോ' പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളെയും ബൂത്തുകളെയും സ്പര്‍ശിച്ചുള്ള ബ്ലോക്ക്തല യാത്രകളാണ് 'ഹാഥ് സെ ഹാഥ് ജോഡോ' പ്രചാരണ പരിപാടിയില്‍ മുഖ്യം.

ജോഡോ യാത്രയ്ക്കു പിന്നാലെ ആരംഭിക്കുന്ന 'ഹാഥ് സെ ഹാഥ് ജോഡോ' പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ ജാഥകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജാഥയുണ്ടാകും. ഓരോ സംസ്ഥാനത്തിനും പ്രത്യേക മഹിളാ മാനിഫെസ്റ്റോയും തയ്യാറാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.