വിദേശ വനിതയുടെ കൊലപാതകത്തില്‍ ശിക്ഷാവിധി നാളെ: വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍

വിദേശ വനിതയുടെ കൊലപാതകത്തില്‍ ശിക്ഷാവിധി നാളെ: വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് പ്രതികള്‍

തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്തെത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ വാദം പൂര്‍ത്തിയായി. കേസില്‍ തിരുവനന്തപുരം ഒന്നാം അഡി. സെഷന്‍സ് കോടതി നാളെ ശിക്ഷ വിധിക്കും. വെള്ളാര്‍ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധു ഉദയകുമാര്‍ (24) എന്നിവരാണ് കേസിലെ പ്രതികള്‍.

ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാത്സംഗം, തെളിവു നശിപ്പിക്കല്‍, ലഹരിമരുന്നു നല്‍കി ഉപദ്രവം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമായാണ്. വിനോദസഞ്ചാരികള്‍ക്കുമേല്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാന്‍ കഴിയുന്ന വിധിയുണ്ടാകണം. വിദേശവനിതയുടെ കുടുംബത്തിനു വലിയ നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യതെളിവുകള്‍ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം പറഞ്ഞു.
പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണെന്നും ഇതേക്കുറിച്ച് എന്താണ് ഇരുവരുടെയും അഭിപ്രായമെന്നും കോടതി ചോദിച്ചു.

ജീവിക്കാന്‍ അനുവദിക്കണമെന്നും രണ്ടു സെന്റു വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കള്‍ക്ക് താന്‍ മാത്രമാണ് ആശ്രയമെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി ഉമേഷ് പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും പറഞ്ഞു. രണ്ടു സെന്റ് വസ്തുവില്‍ താമസിക്കുന്നവരില്‍നിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരില്‍നിന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

ലാത്വിയന്‍ സ്വദേശിയായ യുവതിയെ 2018 മാര്‍ച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടര്‍ന്നാണ് യുവതിയെ സഹോദരി ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. മാര്‍ച്ച് 14നു രാവിലെ ഒന്‍പതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു. ചൂണ്ടയിടാന്‍പോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉള്‍പ്പെടെ 13 കേസുകളിലും ഉദയന്‍ ആറു കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആണ്‍കുട്ടികളെയും ഉള്‍പ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്. ഇയാളുടെ അതിക്രമത്തിനിരയായ ചിലര്‍ നല്‍കിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടല്‍ക്കാടായിരുന്നു ഇവരുടെ വിഹാരകേന്ദ്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.