ലണ്ടൻ: ചാള്‍സ് മൂന്നാമന്‍ ബ്രിട്ടീഷ് രാജാവായി അധികാരമേല്‍ക്കുമ്പോള്‍ കിരീടധാരണ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുക വിശ്വ വിഖ്യാതമായ 17-ാം നൂറ്റാണ്ടിലെ സെന്റ് എഡ്വേര്‍ഡ്സ് കിരീടം. ചാള്‍സ് മൂന്നാമന് വേണ്ടി കിരീടത്തിൽ രൂപമാറ്റം വരുത്തുന്നതിനായി ടവർ ഓഫ് ലണ്ടൻ കോട്ടയിൽ നിന്നും ഇത് മാറ്റിയതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരുന്നു.
വെസ്റ്റ്മിന്‍സ്റ്റര്‍ ദേവാലയത്തിൽ വെച്ച് 2023 മെയ് ആറിനാണ് ഭാര്യ ക്വീൻ കൺസോർട്ട് കാമിലയ്‌ക്കൊപ്പം 74 കാരനായ ചാൾസ് മൂന്നാമന്റെ കിരീടധാരണം നടക്കുന്നത്. അദ്ദേഹത്തിന്റെ ശിരസ്സിനനുസരിച്ച് കിരീടത്തിന്റെ വലുപ്പത്തിൽ മാറ്റം വരുത്താനുള്ള ജോലി ഉടൻ തുടങ്ങും. പ്രതിവർഷം ഒരു ദശലക്ഷത്തിലധികം സന്ദർശകരെത്തുന്ന ടവര്‍ ഓഫ് ലണ്ടനില്‍ സൂക്ഷിച്ചിട്ടുള്ള രാജചിഹ്നങ്ങളില്‍ ഏറ്റവും പ്രധാന ആകര്‍ഷണമാണ് സെന്റ് എഡ്വേര്‍ഡ്സ് കിരീടം.
22 കാരറ്റ് സ്വർണത്തിൽ നിർമിച്ച കിരീടത്തിൽ റൂബി, ഇന്ദ്രനീലം പോലുള്ള വിശിഷ്ട രത്നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. 444 രത്നങ്ങളുണ്ട്. 12 പവിഴങ്ങൾ, 7 വൈഡൂര്യങ്ങൾ, 6 മരതകങ്ങൾ, 37 പുഷ്യരാഗങ്ങൾ, ഒരു മാണിക്യം തുടങ്ങിയവയും 30 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ള ഈ കിരീടം നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ പര്‍പ്പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് തൊപ്പിയും കിരീടത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
1661 ല്‍ ചാള്‍സ് രണ്ടാമന്റെ രാജ്യാഭിഷേക ചടങ്ങുകള്‍ക്ക് വേണ്ടിയാണ് ഈ കിരീടം നിര്‍മിച്ചത്. അതുവരെയുള്ള രാജാക്കന്മാരെല്ലാം മെഡീവൽ കിരീടമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 1649 ല്‍ ബ്രിട്ടീഷ് ആഭ്യന്തര യുദ്ധത്തിന് ശേഷം ഒലിവര്‍ ക്രോംവെല്ലിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പാര്‍ലമെന്ററി സമിതി രാജവാഴ്ച നിരോധിച്ചു.
ഒപ്പം ഈ കിരീടം ഉരുക്കി നശിപ്പിക്കുകയും ചെയ്തു. ചാള്‍സ് രണ്ടാമനാണ് ബ്രിട്ടനില്‍ രാജവാഴ്ച തിരികെ കൊണ്ടുവന്നത്. ചാള്‍സ് രണ്ടാമന്റെ കിരീടം പിന്നീട് രണ്ടു നൂറ്റാണ്ടിന് ശേഷം 1911 ലാണ് ജോര്‍ജ് അഞ്ചാമന്റെ രാജ്യാഭിഷേകത്തിനാണ് ഉപയോഗിച്ചത്.
1953 ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനായിരുന്നു കിരീടം അവസാനം ഉപയോഗിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിരീടത്തിന് ഇപ്പോഴും 2.23 കിലോഗ്രാം ഭാരമുണ്ട്. ധരിക്കാന്‍ വളരെ ഭാരമുള്ളതു കൊണ്ട് തന്നെ കിരീടധാരണ ചടങ്ങുകള്‍ക്കു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ചടങ്ങിനെ തുടർന്ന് മെയ് എട്ടിന് രാജ്യത്ത് ദേശീയ അവധിയായിരിക്കും.
നിലവിലെ രാജാവ് അല്ലെങ്കിൽ രാജ്ഞി അന്തരിച്ച് ദേശീയവും രാജകീയവുമായ വിലാപങ്ങൾക്കിടയിലാണ് പുതിയ പരമാധികാരിയെ നിയോഗിക്കുന്നത്. പിന്നീട് പുതിയ രാജാവ് അധികാരത്തിൽ വന്ന് ഏതാനും മാസങ്ങൾക്ക് ശേഷം നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് പരമ്പരാഗത കിരീടധാരണം നടക്കുക.
സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞി മരിച്ചപ്പോൾ ചാൾസ് ഉടൻ രാജാവായി. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ 14 കോമൺവെൽത്ത് രാജ്യങ്ങളുടെ തലവനായും അദ്ദേഹം ചുമതലയേറ്റു. 1953 ൽ എലിസബത്ത് രാജ്ഞിക്ക് വേണ്ടി നടത്തിയ ആഘോഷങ്ങളെ അപേക്ഷിച്ച് ആഡംബരരഹിതമായ ഒരു കിരീടധാരണ ചടങ്ങ് നടത്തിയാൽ മതിയാകുമെന്ന് ചാൾസ് മൂന്നാമൻ അഭ്യർത്ഥിച്ചതായി റിപ്പോർട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.