എൺപതാം മാർപ്പാപ്പ വി. ലിയോ രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-81)

എൺപതാം മാർപ്പാപ്പ വി. ലിയോ രണ്ടാമന്‍ (കേപ്പാമാരിലൂടെ ഭാഗം-81)



ഏ. ഡി. 682 ആഗസ്റ്റ് 17 മുതല്‍ തിരുസഭയെ ധീരമായി നയിച്ച വി. പത്രോസിന്റെ പിന്‍ഗാമിയായിരുന്നു വി. ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പ. ഇറ്റലിയുടെ തെക്കു ഭാഗത്തുള്ള സിസിലി ദേശക്കാരനായിരുന്നു അദ്ദേഹം. മോണോതെലിസം എന്ന പാഷണ്ഡതയെ ഔദ്യോഗികമായി തെറ്റായ പഠനമാണെന്ന് പ്രഖ്യാപിച്ച മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സാര്‍വത്രിക സൂനഹദോസിന്റെ നടപടികളെയും തീരുമാനങ്ങളെയും ഔദ്യോഗികമായി അംഗീകരിച്ചത് ലിയോ പാപ്പയാണ്. സൂനഹദോസ് നടപടികള്‍ അംഗീകരിച്ചതു വഴി ഹൊണാരിയൂസ് ഒന്നാമന്‍ പാപ്പയെയും മറ്റുള്ളവരെയും മോണോതെലിസ്റ്റിക്ക് പഠനങ്ങളെ പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്തിനാല്‍ ഖണ്ഡിച്ച നടപടിയെയും പാപ്പ അംഗീകരിച്ചു. സൂനഹദോസ് നടപടികള്‍ അംഗീകരിച്ചുകൊണ്ട് ഏ. ഡി. 683 മെയ് 7-ാം തീയി കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തിക്ക് ലത്തീന്‍ ഭാഷയില്‍ അയച്ച കത്തില്‍ ഹൊണൊരിയൂസ് മാര്‍പ്പാപ്പ തന്റെ വഞ്ചനാപരമായ പ്രവൃത്തിയിലൂടെ സത്യവിശ്വാസത്തിനെതിരായി പഠിപ്പിക്കുകയും സത്യവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുവാന്‍ പരിശ്രമിക്കുകയും ചെയ്തു എന്ന കഠിനമായ പരാമര്‍ശമാണ് നടത്തിയിരുന്നത്. പ്രസ്തുത കത്തിന്റെ ഗ്രീക്ക് പരിഭാഷയില്‍ പാപ്പയുടെ വാക്കുകളുടെ കാഠിന്യത്തെ മയപ്പെടുത്തിക്കൊണ്ട് ഹൊണൊരിയൂസ് പാപ്പ തന്റെ വഞ്ചനാപരമായ പ്രവൃത്തിയിലൂടെ സത്യവിശ്വാസത്തെ കളങ്കപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പാശ്ചാത്യസഭയിലെ മെത്രാന്മാര്‍ക്ക് പ്രത്യേകിച്ച് സ്‌പെയിനിലെ മെത്രാന്മാര്‍ക്ക് അയച്ച കത്തില്‍ സഭയില്‍ കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന പാഷണ്ഡതയുടെ തീ കെടുത്തുന്നതില്‍ ഉപേക്ഷ കാണിച്ചുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്.

വി. അഗാത്തോ മാര്‍പ്പാപ്പയുടെ മരണശേഷം ഏ. ഡി. 681 ജനുവരിയില്‍ തന്നെ ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും തന്റെ സ്ഥാനാരോഹണത്തിനും തിരഞ്ഞെടുപ്പിന് ചക്രവര്‍ത്തിയുടെ അംഗീകാരം കിട്ടുന്നതിനുമായി പതിനെട്ടു മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. മാര്‍പ്പാപ്പയുടെ അഭാവത്തില്‍ പരി. സിംഹാസനത്തിന്റെ കാവല്‍ക്കാരായവര്‍ അഗാത്തോ മാര്‍പ്പാപ്പയുടെ മരണവിവരം അറിയിച്ചുകൊണ്ടും ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് വിവരം അറിയിച്ചുകൊണ്ടും ചക്രവര്‍ത്തിക്ക് കത്തുകള്‍ എഴുതിയിരുന്നു. പ്രസ്തുത കത്തുകള്‍ മാര്‍ച്ച് മാസം 10-ാം തീയതി കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയിരുന്നു. സൂനഹദോസ് സമ്മേളനം പുരോഗിമിക്കുന്ന സമയമായിരുന്നു അത്. അതിനാല്‍ തന്നെ സൂനഹദോസ് ഹൊണൊരിയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയെയും മോണോതെലിസ്റ്റിക്ക് പഠനങ്ങളെ പിന്തുടര്‍ന്നവരെയും മോണോതെലിസ്റ്റിക്ക് പാഷണ്ഡത അംഗീകരിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും പേരില്‍ ഖണ്ഡിക്കുകയും സൂനഹദോസിന്റെ നടപടികള്‍ക്ക് റോമിന്റെ അംഗീകാരം ഉറപ്പുവരുത്തുകയും ചെയുന്നതുവരെ ചക്രവര്‍ത്തി ലിയോ പാപ്പായുടെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കുന്നതില്‍ നിന്നും വിട്ടുനിന്നു. സൂനഹദോസില്‍ പങ്കെടുത്ത പേപ്പല്‍ പ്രതിനിധികള്‍ ഹൊണൊരിയൂസ് ഒന്നാമന്‍ പാപ്പയെ ഖണ്ഡിച്ച നടപടി അംഗീകരിക്കുവാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ സൂനഹദോസ് സമാപിച്ചതിനു ശേഷവും വളരെക്കാലത്തോളം കൗണ്‍സില്‍ നടപടികള്‍ അംഗീക്കുന്നതിനായി വളരെ നാളുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ തന്നെ വേണ്ടിവന്നു. ഏ. ഡി. 682 ജൂലൈയില്‍ പേപ്പല്‍ പ്രതിനിധികള്‍ സൂനഹദോസ് തീരുമാനങ്ങളും മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനുള്ള ചക്രവര്‍ത്തിയുടെ അനുമതിയുമായി റോമില്‍ എത്തുന്നതുവരെ ലിയോ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണം നടന്നിരുന്നില്ല. ആഗസ്റ്റ് 17-ാം തീയതി ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പ തിരുസഭയുടെ എണ്‍പതാമത്തെ മാര്‍പ്പാപ്പയായി സ്ഥാനാരോഹിതനായി. ആദ്യകാല മാര്‍പ്പാപ്പമാരുടെ ജീവചരിത്രമടങ്ങിയ ലീബര്‍ പൊന്തിഫിക്കാലീസ് എന്ന ഗ്രന്ഥമനുസരിച്ച് ലിയോ രണ്ടാമന്‍ പാപ്പായെ റോമിന്റെ മെത്രാനായി അഭിഷേകം ചെയ്തവര്‍ ഒസ്തിയ രൂപതയുടെ മെത്രാനായ ആന്‍ഡ്രിയായും പോര്‍ട്ടോ രൂപതയുടെ മെത്രാനായ ജിയോവാന്നിയും വെല്ലെത്രിയ രൂപതയുടെ മെത്രാനായ പിയാചെന്തിനോ മെത്രാനുമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു.

സഭയുടെ പുതിയ തലവനായ ലിയോ രണ്ടാമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പ് അംഗികരിക്കുന്നതിന്റെയും അദ്ദേഹവുമായുള്ള ഊഷ്മള ബന്ധത്തിന്റെ സൂചകമായും കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് സ്ഥിരമായി ഒരു പേപ്പല്‍ നൂണ്‍ഷ്യോയെ അയ്ക്കുന്നതിന് പാപ്പായെ ക്ഷണിച്ചു. മാത്രമല്ല, സിസിലിയിലേയും കാലബ്രിയയിലേയും പേപ്പല്‍ പൈതൃക സമ്പത്തിനുമേല്‍ ചുമത്തിയിരുന്ന നികുതിയ്ക്ക് ഇളവ് നല്‍കുകയും ചെയ്തു. റവേന്ന അതിരൂപതയെ, അതിരൂപതയുടെ മെത്രാന്മാരെ നിയമിക്കുന്നതില്‍ റോമിന്റെ അധികാരത്തിന്‍ കീഴില്‍നിന്നും സ്വതന്ത്രമാക്കിക്കൊണ്ടുള്ള തന്റെ മുന്‍ഗാമിയായ കോണ്‍സ്റ്റന്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ഉത്തരവ് റദ്ദാക്കി. അതിനുശേഷം, റവേന്ന അതിരൂപതയുടെ മെത്രാപ്പോലിത്താമാരെല്ലാം മാര്‍പ്പാപ്പമാരാല്‍ അഭിഷേകം ചെയ്യപ്പെടുകയും അജപാലനാധികാര ചിഹ്നമായ പാലിയം സ്വീകരിക്കുകയും ചെയ്തുപോന്നു.

കോണ്‍സ്റ്റന്റയിന്‍ നാലാമന്‍ ചക്രവര്‍ത്തിയുടെ ഇത്തരം സമീപനങ്ങള്‍ക്ക് പ്രത്യുത്തരമായി, ലിയൊ രണ്ടാമന്‍ മാര്‍പ്പാപ്പ മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസിന്റെ നടപടി ക്രമങ്ങളും തീരുമാനങ്ങളും ലത്തീന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുകയും സഭാ നേതാക്കന്മാരുടെയിടയിലും നയതന്ത്ര പ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയുമിടയിലും സൂനഹദോസിനുള്ള തന്റെ അംഗികാരത്തോടൊപ്പം പ്രസിദ്ധപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. റവേന്ന രൂപതയുടെ അജപാലന കാര്യത്തില്‍ കൈവന്ന പുതിയമാനത്തെ അംഗികരിച്ചുകൊണ്ട് മെത്രാപ്പോലീത്താമാരുടെ അഭിഷേക സമയത്ത് പാരമ്പര്യമായി ഏര്‍പ്പെടുത്തിയിരുന്ന നികുതിയില്‍ നിന്നും ഇളവ് നല്‍കുകയും ചെയ്തു. അതുപോലെ തന്നെ റോമില്‍ സമ്മേളിക്കുന്ന വാര്‍ഷിക സിനഡില്‍ സംബന്ധിക്കുന്നതില്‍ നിന്നും റവേന്നയുടെ മെത്രാപ്പോലീത്തായ്ക്ക് ഒഴിവ് നൽകുകയും ചെയ്തു.

തന്റെ തിരഞ്ഞെടുപ്പിന് മുമ്പ് പേപ്പല്‍ ഗായക സംഘത്തിലെ നൈപുണ്യനായ ഗായകനായിരുന്നു ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പ. അതിനാല്‍ തന്നെ ദേവാലയ സംഗീതത്തിന്റെ അഭിവൃദ്ധിക്കായി പാപ്പ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക പരിഗണന പാപ്പായുടെ മുഖമുദ്രയായിരുന്നു. ഏ. ഡി. 683 ജൂലൈ 3-ന് ലിയോ രണ്ടാമന്‍ മാര്‍പ്പാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.

മുന്പുള്ള മാർപ്പാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.