മത്സരം ഷൂട്ടൗട്ടിലെത്തിച്ച് ജപ്പാൻ: ക്രൊയേഷ്യ ക്വാർട്ടറിൽ; താരമായി ഡൊമിനിക് ലിവാകോവിച്ച്

മത്സരം ഷൂട്ടൗട്ടിലെത്തിച്ച് ജപ്പാൻ: ക്രൊയേഷ്യ ക്വാർട്ടറിൽ; താരമായി ഡൊമിനിക് ലിവാകോവിച്ച്

ദോഹ: നിശ്ചിത സമയത്തും അധിക സമയത്തും ക്രൊയേഷ്യയെ വരിഞ്ഞു മുറുക്കിയ ജപ്പാന് ഷൂട്ടൗട്ടില്‍ കാലിടറി. മൂന്ന് ജപ്പാന്‍ താരങ്ങളുടെ കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയ്ക്ക് കോര്‍ട്ടറിലേക്ക് വഴിയൊരുക്കിയത്. 3-1 എന്ന സ്‌കോറിനായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം.

ഈ ലോകകപ്പില്‍ ആദ്യ ഷൂട്ടൗട്ടായിരുന്നു ഇത്. ജപ്പാന്റെ പോരാട്ടവീര്യം ഷൂട്ടൗട്ടിൽ തകർന്നു വീണപ്പോൾ ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. നിലവിലെ റണ്ണറപ്പാണ് ക്രൊയേഷ്യ.

മായ യോഷിദ, കോറു മിറ്റോമ, താകുമി മിനാമിനോ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് ഡൈവ് ചെയ്ത് തടഞ്ഞത്. ക്രൊയേഷ്യയുടെ മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ജപ്പാന്റെ തകുമ അസാനോയുടെ കിക്ക് മാത്രമാണ് വലയില്‍ കയറിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്സലോ ബ്രോസോവിച്ചും നിക്കോളാ വ്ളാസിച്ചുമാണ് ലക്ഷ്യം കണ്ടത്.

നിശ്ചിത സമയത്തും അധികസമയത്തും പൊരുതിക്കളിച്ചിട്ടും ഇരു ടീമുകള്‍ക്കും ഓരോ ഗോളിന്റെ സമനിലപ്പൂട്ട് ഭേദിക്കാന്‍ കഴിയാതായതോടെയാണ് ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.

നേരത്തെ ഡൈസന്‍ മയെദ നേടിയ ഗോളിന് ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചടിക്കുകയായിരുന്നു. 43-ാം മിനിറ്റില്‍ മയെദ നേടിയ ഗോളില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. റിറ്റ്‌സു ഡൊവാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദ വലയിലെത്തിക്കുകയായിരുന്നു.

55-ാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ഗോൾ പറന്നത്. ഡെയാന്‍ ലോവ്‌റെന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് തന്റെ ആറടി ഒരിഞ്ച് ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് പെരിസിച്ച് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. തങ്ങളുടെ താരങ്ങളുടെ ഉയരക്കുറവ് ജപ്പാന് മത്സരത്തിലുടനീളം സെറ്റ്പീസുകള്‍ പ്രതിരോധിക്കുന്നതിന് തടസമായിരുന്നു. ആദ്യ പകുതിയില്‍ പലപ്പോഴും ഈ ആനുകൂല്യം മുതലെടുക്കാനായിരുന്നു ക്രൊയേഷ്യയുടെ ശ്രമങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.