റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഉക്രെയ്നിലെ മത സംഘടനകളെ നിരോധിച്ച് സെലെൻസ്കി

റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഉക്രെയ്നിലെ മത സംഘടനകളെ നിരോധിച്ച് സെലെൻസ്കി

കീവ്: റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഉക്രെയ്നിലെ മത സംഘടനകളെ നിരോധിച്ച് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. ഉക്രെയ്നിനെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്തുന്നത് തടയുന്നത് റഷ്യയെ പ്രതിരോധിക്കുന്നതിന് ആവശ്യമാണെന്ന് ഓർത്തഡോക്സ് പള്ളികൾ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിൽ സെലൻസ്കി പറഞ്ഞു.

ഉക്രെനിയൻ-റഷ്യൻ ഓർത്തഡോക്സ് പള്ളികൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. റഷ്യയുമായി ബന്ധപ്പെട്ട മതസംഘടനകളുടെ പ്രതിനിധികൾക്കെതിരെ വ്യക്തിപരമായ ഉപരോധം ഏർപ്പെടുത്താനുള്ള ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിൽ തീരുമാനം നടപ്പിലാക്കുന്ന ഉത്തരവിലാണ് സെലെൻസ്കി ഒപ്പുവച്ചത്.

43 ദശലക്ഷം വരുന്ന ഉക്രെയ്നിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്. വർഷങ്ങളോളം ഇവർ റഷ്യൻ ഓർത്തഡോക്സ് പാത്രിയാർക്കേറ്റിന്റെ അധികാരത്തിന് വിധേയരായിരുന്നു.

പിന്നീട് ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ആത്മീയ നേതാവ് കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസ് ​​ബാർത്തലോമിയോ 2019 ൽ റഷ്യയിൽ നിന്ന് സ്വതന്ത്രമായി ഒരു പള്ളി രൂപീകരിക്കാൻ ഉക്രെയ്നിന് അനുമതി നൽകി.

എന്നാൽ ഉക്രെയ്നിലെ ഓർത്തഡോക്സ് സമൂഹത്തിൽ ഈ നടപടി റഷ്യയോട് വിശ്വസ്തരായിരുന്നവരും പുതുതായി രൂപീകരിച്ച സ്വതന്ത്ര ഉക്രെനിയൻ ഓർത്തഡോക്സ് ചർച്ചിൽ ചേർന്നവരും തമ്മിലുള്ള ഭിന്നിപ്പിനാണ് വഴിവെച്ചത്.

കിഴക്കൻ ഉക്രെയ്നിലെ പല ഇടവകകളും വൈദികരും മോസ്കോ പാത്രിയാർക്കേറ്റിന്റെ ഉക്രേനിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അധികാരത്തിന് കീഴിൽ തുടർന്നു. എന്നാൽ യുദ്ധം ആരംഭിച്ചതോടെ മെയ് മാസത്തിൽ റഷ്യൻ കീഴ്വഴക്കം പിന്തുടർന്ന ഉക്രെയ്നിലെ പള്ളികൾ റഷ്യൻ ഓർത്തഡോക്സ് സഭയുമായി ഔദ്യോഗികമായി ബന്ധം വിച്ഛേദിച്ചിരുന്നു.

ഇത്തരത്തിൽ റഷ്യയുമായി ബന്ധം പുലർത്തിയിരുന്ന ഓർത്തഡോക്സ് പള്ളികൾ പരിശോധിക്കുന്നതിന് സെലെൻസ്കി അധിക ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. ഉക്രെനിയൻ ഓർത്തഡോക്സ് ചർച്ച് റഷ്യൻ അനുകൂല വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായും ചില വൈദികർ റഷ്യയുമായി സജീവമായി സഹകരിക്കുന്നതായി സംശയം ഉയർന്നതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞയാഴ്ച ഒരു പുരോഹിതൻ റഷ്യയെക്കുറിച്ച് അനുകൂലമായി സംസാരിച്ചതിനെ തുടർന്ന് ഉക്രെയ്‌നിലെ സെക്യൂരിറ്റി സർവീസ് അംഗങ്ങളും രാജ്യത്തെ നാഷണൽ ഗാർഡും പോലീസും ആശ്രമത്തിൽ പരിശോധന നടത്തിയിരുന്നു. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർ 350 ലധികം പള്ളിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിലും തിരച്ചിൽ നടത്തി. മറ്റൊരു ആശ്രമത്തിലും, കീവിന് പടിഞ്ഞാറ് 240 കിലോമീറ്റർ (150 മൈൽ) അകലെയുള്ള റിവ്നെ മേഖലയിലെ ഒരു രൂപതയിലും തിരച്ചിൽ നടത്തിയിരുന്നു.

നടപടിക്കെതിരെ കടുത്ത വിമർശനമാണ് റഷ്യ ഉന്നയിച്ചിരിക്കുന്നത്. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റഷ്യൻ ഓർത്തഡോക്സ് സഭയ്‌ക്കെതിരെ ഉക്രെയ്ൻ യുദ്ധം ചെയ്യുന്നുവെന്ന് ആരോപിച്ചു. എന്നാൽ ഇതിനെതിരെ ഉക്രെനിയൻ ഓർത്തഡോക്സ് സഭയുടെ വക്താവായി സേവനമനുഷ്ഠിച്ചിട്ടുള്ള റവ. മൈക്കോലെ ഡാനിലെവിച്ച് രംഗത്തെത്തി. പള്ളി റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഭാഗമല്ലെന്നും റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് മെയിൽ ബന്ധം വിച്ഛേദിച്ചതാണെന്നും ടെലിഗ്രാമിലൂടെ വ്യക്തമാക്കി.

അതിനിടെ വിഷയത്തിൽ മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ഉക്രെയ്ൻ അധികാരികളെ "പൈശാചികവാദികൾ" എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ഉക്രെയ്ൻ അധികാരികൾ ക്രിസ്തുവിന്റെയും ഓർത്തഡോക്സ് വിശ്വാസത്തിന്റെയും ശത്രുക്കക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.